ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക് ദേശീയപാത കുരുതിക്കളമാകുന്നത് ഗൗനിക്കാതെ അധികൃതര്‍
പള്ളിക്കല്‍: ദേശീയപാതയില്‍ വീണ്ടും അപകടം. സ്പിന്നിങ് മില്ലിനു സമീപം നാനോ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
കാടപ്പടി വലക്കണ്ടി സ്വദേശികളായ ചടശ്ശേരി ശംസുദ്ദീന്‍ (60), ആയിഷ (43), മുഹ്‌സിദ് (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേളാരി ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കു പോകുന്ന നാനോ കാര്‍ നിയന്ത്രണംവിട്ട് എതിരേവന്ന മിനി ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരുടഎ സഹായത്തോടെ തേഞ്ഞിപ്പലം പൊലിസ് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനു എ.എസ്.ഐ വത്സന്‍, സി.പി.ഒ പ്രപതാപന്‍, ഹോംഗാര്‍ഡ് അപ്പു എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയപാത കോഴിക്കോട്-തൃശൂര്‍ റോഡില്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്ര ഇടിമുഴിക്കല്‍ മുതല്‍ ചേളാരിവരെയുള്ള ഒന്‍പതു കിലോമീറ്റര്‍ ദൂരപരിധിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെയുണ്ടായ ആറ് അപകടങ്ങളിലായി എഴു പേരുടെ ജീവനാണ് പൊലിഞ്ഞത്. അമിത വേഗതയും അശ്രദ്ധയും മാത്രമാണ് കഴിഞ്ഞ അപകടങ്ങള്‍ക്കെല്ലാം കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ യൂസുഫ് (58), തിരുവനന്തപ്പുരം സ്വദേശി മോഹനന്‍ (52), കാക്കഞ്ചേരി സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ ബിഹാര്‍ സ്വദേശി ബഹദൂര്‍ റാം (24), കക്കോടി സ്വദേശി ലിതിന്‍ബാബു (28), ചേലേമ്പ്ര മനാട്ടയില്‍ ജയരാജന്‍, കൊടകര സ്വദേശികളായ രുഗ്മിണി (65), വൃഷിത (29) എന്നിവരാണ് രണ്ടാഴ്ചയ്ക്കിടെ നടന്ന അപകടങ്ങളില്‍ മരണപ്പെട്ടത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലുമാണ്.
പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. റോഡിലെ കൊടും വളവുകള്‍ നിവര്‍ത്താത്താതെയും ഡിവൈഡറുകളുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെയും അടുത്തിടെ റോഡ് വീതികൂട്ടിയതും നിയമലംഘകരെ പിടികൂടാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."