ഹരെന്‍ പാണ്ഡ്യ വധം: പ്രതികളെ ശിക്ഷിച്ചത് ഒരേയൊരു സാക്ഷിമൊഴിയില്‍
പ്രധാനമന്ത്രി മോദിയുള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസാണ് ഹരെന്‍ പാണ്ഡ്യ വധം
ന്യൂഡല്‍ഹി: ഹരെന്‍ പാണ്ഡ്യ വധക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി വെറുതെ വിട്ട 12 യുവാക്കളെ സുപ്രിംകോടതി ശിക്ഷിച്ചത് ഒരേയൊരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍. സി.ബി.ഐ സാക്ഷിയായ അനില്‍ യാദ്‌റാം പട്ടേലിന്റെ മൊഴി മാത്രമാണ് എട്ടുവര്‍ഷം മുന്‍പുള്ള ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രിംകോടതി പരിഗണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസാണ് ഹരെന്‍ പാണ്ഡ്യ വധം. സൊഹ്‌റാബുദ്ദീന്‍, പ്രജാപതി തുടങ്ങിയവരുടെ വധവുമായി ഈ കേസ് ബന്ധപ്പെട്ടുകിടക്കുന്നു.
കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന സി.ബി.ഐയുടെ വാദത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പൊലിസ് കസ്റ്റഡിയില്‍ പ്രതികള്‍ നടത്തിയ കുറ്റസമ്മതമാണ് കോടതി പരിഗണിച്ച മറ്റൊന്ന്. പോട്ട പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. പോട്ട പിന്‍വലിച്ചതോടെ അത് അപ്രസക്തമായി. ജഗദീഷ് തിവാരിയെന്ന ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരായ വധശ്രമവുമായി ചേര്‍ത്താണ് ഈ കേസ് അന്വേഷിച്ചത്.
പാണ്ഡ്യ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പാണ് അയാള്‍ക്കെതിരേ വധശ്രമമുണ്ടായത്. പ്രതികളിലൊരാളായ അസ്ഗര്‍ അലി മാരുതി കാറിലിരിക്കുകയായിരുന്ന പാണ്ഡ്യക്ക് നേരെ അഞ്ചു റൗണ്ട് നിറയൊഴിക്കുന്നത് താന്‍ കണ്ടുവെന്നായിരുന്നു യാദ്‌റാമിന്റെ മൊഴി. അങ്ങനെ സംഭവിച്ചാല്‍ രക്തമൊഴുകിപ്പരക്കാമായിരുന്നിട്ടും കാറില്‍ രക്തക്കറയുണ്ടായിരുന്നില്ല. എന്നാല്‍ വെടിയേറ്റ് ശരീരത്തിനുള്ളിലുണ്ടായ രക്തസ്രാവം മരണത്തിന് കാരണമായെന്ന വിചിത്രമായ മൊഴി അംഗീകരിക്കുകയായിരുന്നു സുപ്രിംകോടതി.
അസ്ഗര്‍ അലി, മുഹമ്മദ് റഊഫ്, മുഹമ്മദ് പര്‍വേസ് അബ്ദുല്‍ ഖയ്യൂം ശൈഖ്, പര്‍വേസ് ഖാന്‍ പത്താന്‍, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഗാന്ധി, കലിം അഹമ്മദ്, രിഹാന്‍ പുത്താവാല, മുഹമ്മദ് റിയാസ്, അനീസ് മചിസ്വാല, മുഹമ്മദ് യൂനുസ്, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്നു സുപ്രിംകോടതി കണ്ടെത്തിയത്.
2002ലെ ഗുജറാത്ത് കൂട്ടക്കൊല സംബന്ധിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സമിതിക്കു മുന്‍പാകെ മോദിക്കെതിരേ പാണ്ഡ്യ നിര്‍ണായകമായ മൊഴിനല്‍കുകയും ചെയ്തിരുന്നു.
2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് ലഭിച്ചില്ല. ഇത് വിവാദമായതോടെ പാണ്ഡ്യ രാജ്യസഭയിലേക്കും ദേശീയനേതൃത്വത്തിലേക്കും പരിഗണിക്കപ്പെട്ടു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹകസമിതിയിലേക്ക് നിയമിക്കപ്പെട്ട അറിയിപ്പും അടങ്ങിയ ഫാക്‌സ് സന്ദേശം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മോദിക്ക് പങ്കുണ്ടെന്ന് ഗുജറാത്തിലെ സംഘ്പരിവാര്‍ നേതാക്കളില്‍ ചിലര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."