ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം.
ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് നഗരമധ്യത്തിലെ മഹാത്മ കോംപ്ലക്സിലെ കുല്‍ഫി ഐസ്ക്രീം പാര്‍ലറിലാണ് തീപിടിത്തമുണ്ടായിരുന്നത്. കടതുറക്കാനെത്തിയവര് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അഗ്നിശമന സേനയെയും പൊലിസിനെയും അറിയിക്കുകയായിരുന്നു. കൂള്‍ബാറിലെ അടുക്കളയിലെ ഓവന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കത്തിയതാണ് തീപിടുത്തമുണ്ടാകാനിടയാക്കിയതെന്ന് അഗ്നിശമന സേന അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുളള ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്നാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. ഷാജുദ്ദീന്‍, അഡ്വ. മനു തോമസ്, അഷ്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ ഐസ്ക്രീം പാര്‍ലര്‍. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പിടിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിന് വെന്റിലേറ്റര്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കി. അഗ്നിശമന സേനാ ഓഫിസര്‍ കെ.പി ബാലകൃഷ്ണന്, എ.എസ്.ഐ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തളിപ്പറമ്പ് നഗരസഭാ ചെയര്മാന് മഹമ്മൂദ് അള്ളാംകുളം, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.മുരളീധരന്, സി.മുഹമ്മദ് സിറാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."