വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനി പോര്‍ട്ടുമായുണ്ടാക്കിയ കരാറിലൂടെ സംസ്ഥാന താല്‍പര്യങ്ങളെല്ലാം ലംഘിക്കപ്പെട്ടു. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ 67 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. പൊതു,സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മാണം. 30 വര്‍ഷമാണ് കണ്‍സഷന്‍ കാലാവധി. കണ്‍സഷന്‍ കാലാവധി 20 വര്‍ഷം കൂടി നീട്ടാനും കരാറില്‍ വ്യവസ്ഥയുണ്ട്.
ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതിനാല്‍ 283 കോടി രൂപയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകുക. ആസ്തികള്‍ പണയം വെക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത് അദാനിയെ സഹായിക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സ്യബന്ധന തുറമുഖത്ത് നിന്ന് യൂസര്‍ ഫീസ് പിരിക്കാനുള്ള അനുമതി തെറ്റാണെന്നും സി.എ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."