മാടന്‍വിള കടവുപാലം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു
കഠിനംകുളം: അഴൂര്‍ മാടന്‍വിള കടവുപാലം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. അഴൂര്‍ കഠിനംകുളം സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്ള ഈ പ്രദേശത്തു പൊലിസ് ഇടപെടല്‍ തീരെയില്ലാത്ത സ്ഥിതിയാണ്.
അഴൂര്‍,പെരുമാതുറ ഭാഗത്തെ ആയിരക്കണക്കിനു പേരുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് കോടികള്‍ ചിലവിട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കഠിനംകുളം കായലിനു കുറുകെ പാലം നിര്‍മിച്ചത്. എന്നാല്‍ പാലം നിര്‍മാണം തുടങ്ങിയതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. പ്രദേശത്തെ വ്യാജ മദ്യ കച്ചവടക്കാരും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവരും ഇവിടം ചുറ്റിപ്പറ്റിയാണ് ഇടപാടുകള്‍ നടത്തുന്നത്. മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും മറ്റു സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെയെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇതുവഴിയുള്ള യാത്ര അപകടമാണെന്ന സ്ഥിതിയായിട്ടുണ്ട്.യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തുന്നതും പതിവാണ്. ആദ്യകാലത്ത് രാത്രിയായാല്‍ പാലം പൂര്‍ണമായും ഇരുട്ടിലാകുമായിരുന്നു. നാട്ടുകാര്‍ നിരവധി തവണ പരാതികള്‍ നല്‍കുകയും പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതിനെ തുടര്‍ന്ന് പാലത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. എന്നാല്‍ ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും ഇവ കേടാക്കുകയും പലതും ഇളക്കി കൊണ്ടുപോവുകയും ചെയ്തു. ഇവയില്‍ സോളാര്‍ ലൈറ്റുകള്‍ പിന്നീട് പല പ്രാവിശ്യം പുനസ്ഥാപിച്ചെങ്കിലും ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും വീണ്ടും തല്ലിത്തകര്‍ത്തു. നിലവില്‍ ഒന്നോ രണ്ടോ സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്.
പാലത്തിന്റെ ഒരുവശം കഠിനംകുളം പൊലിസ് സ്റ്റേഷന്റെയും മറുവശം അഴൂര്‍ പൊലിസ് സ്റ്റേഷന്റെയും അതിരുകളാണ്.അതുകൊണ്ടു തന്നെ രണ്ടു സ്റ്റേഷന്റെയും ശ്രദ്ധ ഇങ്ങോട്ടേക്കെത്താറില്ല. രണ്ടു സ്‌റ്റേഷനുകളുടെയും അധികാരികള്‍ സംയുക്തമായി പ്രശ്‌ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."