റാഫേല്‍ അല്ല, രാഹുല്‍ ഫെയ്ല്‍; പരിഹാസവുമായി രാജ്‌നാഥ് സിങ്
കൊച്ചി: റാഫേല്‍ വിവാദത്തില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി പരാജയപ്പെടുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്.
പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുന്നത് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിക്കണം.
ഇത് റാഫേല്‍ അല്ല രാ ഫെയ്ല്‍ ( രാഹുല്‍ ഫെയ്ല്‍) ആണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം എറണാകുളത്തപ്പന്‍ ക്ഷേത്രമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്.
കരാറിലുള്ളത് എന്താണെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. പ്രധാനമന്ത്രിയെ അസഭ്യം പറയുന്ന അവസ്ഥയിലേക്ക് രാഹുല്‍ അധഃപ്പതിച്ചിരിക്കുകയാണെന്നും അത് രാഹുലിന്റെ പരാജയത്തിലേ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതി രാഷ്ട്രീയ പരിപാടിയല്ല. പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ആയുഷ്മാന്‍ ഭാരതിനെ രാഷ്ട്രീയവല്‍കരിക്കുന്നത് സംസ്ഥാനത്തെ പാവപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണ്. പദ്ധതി നടപ്പിലാക്കുവാന്‍ അവര്‍ക്ക് വേണ്ടി അപേക്ഷിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള അധ്യക്ഷനായി. ഒ. രാജഗോപാല്‍, കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധകൃഷ്ണന്‍, എം.ടി രമേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."