ഹോര്‍ട്ടികോര്‍പ് പ്രവര്‍ത്തനം സുതാര്യമല്ലെന്ന് സി.എ.ജി
തിരുവനന്തപുരം: കൃഷി വകുപ്പിന് കീഴിലുള്ള ഹോര്‍ട്ടികോര്‍പിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് സി.എ.ജി. 2011-12 കാലയളവില്‍ 4,000 മുതല്‍ 8,000 മെട്രിക് ടണ്‍ വരെ പഴം, പച്ചക്കറി കേരളത്തില്‍നിന്ന് വാങ്ങിയെന്നാണ് ഹോര്‍ട്ടികോര്‍പ് വ്യക്തമാക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതിന്റെ രണ്ടു ശതമാനം മാത്രമാണ് വാങ്ങിയതെന്ന് സി.എ.ജി. കണ്ടെത്തി.
കര്‍ഷകര്‍, കൃഷി വകുപ്പിന് കീഴിലുള്ള വേള്‍ഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് സംഭരിക്കുന്നതിനുപകരം 2014-15, 2015-16 വര്‍ഷങ്ങളില്‍ 53.74 കോടിയുടെ പച്ചക്കറി ഇടനിലക്കാരില്‍ നിന്നാണ് വാങ്ങിയത്. എംപാനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒന്‍പത് കമ്പനികളില്‍ നിന്നല്ല പച്ചക്കറി വാങ്ങിയതെന്നും സി.എ.ജി. കണ്ടെത്തിയിട്ടുണ്ട്. സി.എ.ജി. പരിശോധിച്ച ജില്ലാ സംഭരണ ശാലകളില്‍ ഈ കാലയളവില്‍ 30.86 കോടിയുടെയും 22.88 കോടിയുടെയും പച്ചക്കറികളാണ് വാങ്ങിയത്. ഈ കമ്പനികള്‍ക്ക് മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സംഭരണ ശാലകള്‍ ഉണ്ടായിരുന്നില്ല. കര്‍ഷകര്‍ക്ക് നല്ല വില ലഭിച്ചതുമില്ല. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിലും കാലതാമസം വന്നു. ഹോര്‍ട്ടികോര്‍പ് പഴവും പച്ചക്കറിയും കൂടുതലായും വാങ്ങുന്നത് അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ്.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും പരാജയപ്പെട്ടു. പച്ചക്കറികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനിയുണ്ടെന്ന് കണ്ടെത്തിയതായും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍ട്ടികോര്‍പിന് സ്ഥിരതയാര്‍ന്ന സംഭരണ, വിതരണ നയം ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിലകള്‍ നിശ്ചയിച്ചതെന്നും സി.എ.ജി. കണ്ടെത്തി.
സബ്‌സിഡി കാലയളവില്‍ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. പ്രാദേശിക സന്തുലനം പാലിക്കാതെയാണ് ഹോര്‍ട്ടികോര്‍പ് വില്‍പ്പനശാലകള്‍ സ്ഥാപിച്ചത്. 79 ശതമാനം വില്‍പ്പനശാലകളും തെക്കന്‍ ജില്ലകളില്‍ ഒതുങ്ങുന്നതിനാല്‍ സബ്‌സിഡിയുടെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."