മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ നിലമ്പൂരിലേക്ക്: ആയുധധാരികളെ നിലമ്പൂര്‍ മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ട്
കാളികാവ്: മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ നിലമ്പൂര്‍ മേഖലയിലെത്തുന്നതായി സൂചന. വയനാട്ടില്‍ നിന്നാണ് കൂട്ടത്തോടെ മാവോയിസ്റ്റുകള്‍ നിലമ്പൂരിലേക്ക് നീങ്ങിയിട്ടുള്ളത്.
2016 നവംബര്‍ 24ന് കരുളായി ഉള്‍വനത്തിലെ വരയന്‍ മലയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വിട്ടിരുന്നു. തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റുകള്‍ നിലമ്പൂരിലേക്ക് നീങ്ങുന്നതെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴോടെ വയനാട്ടുകാരനായ സോമന്റെ നേതൃത്വത്തിലുള്ള ആയുധധാരികളായ ആറു മാവോയിസ്റ്റുകളെ നിലമ്പൂര്‍ മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
വട്ടച്ചിറ ആദിവാസി കോളനിയിലെ വെളുത്ത എന്നയാളുടെ വീട്ടിലേക്ക് നാലുപേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റുകളാണെന്ന് ആരോടും പറയരുതെന്നുപറഞ്ഞ് സംഘം വെളുത്തയെ ഭീഷണിപ്പെടുത്തിയിരുന്നു. 20 മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷം കാപ്പി കുടിച്ചാണ് മാവോയിസ്റ്റുകള്‍ വീടുവിട്ടത്.
സംഘത്തിലുള്ള സോമനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ തമിഴ് സംസാരിക്കുന്നവരാണ്. മൂന്നു പേരുടെ പക്കല്‍ എ.കെ 47തോക്കും ഒരാളുടെ കൈയില്‍ നാടന്‍ തോക്കുമാണുണ്ടായിരുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം.
വട്ടച്ചിറയില്‍ നിന്ന് ലക്കിടി വഴി മേപ്പാടിയിലേക്കും നിലമ്പൂരിലേക്കും നീങ്ങാന്‍ വഴിയുണ്ട്. മാവോയിസ്റ്റുകളുടെ പ്രധാന താവളമായ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള സംഘമാണ് നിലമ്പൂരിലെത്തിയതെന്നാണ് പൊലിസ് കരുതുന്നത്.
മലയോരത്തെ ഒരു പൊലിസ് സ്റ്റേഷന്‍ അക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ നീക്കം ഗൗരവമായി കാണണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടിരുന്നത്. സോമന്റെ നിര്‍ദേശപ്രകാരമാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലിനൊരുങ്ങിയതെന്നാണ് സൂചന.
സോമനെ വരയന്‍ മലയിലെ ഏറ്റുമുട്ടലിനുശേഷം തരംതാഴ്ത്തിയതായി സൂചനയുണ്ട്. കോളനികള്‍ സന്ദര്‍ശിച്ച് ആദിവാസികളുടെ പിന്തുണ നേടുക ഉള്‍പ്പടെയുള്ള ചുമതല സോമനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."