മെഡിക്കല്‍ പി.ജി സംവരണ അട്ടിമറി വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇല്ലെന്നു സൂചന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി കോഴ്‌സുകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള (എസ്.ഇ.ബി.സി) സംവരണം ഒന്‍പതു ശതമാനമാക്കി കുറച്ചത് സംബന്ധിച്ച ഉത്തരവുമായ ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇല്ലെന്നു സൂചന. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ ഇതുസംബന്ധിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ്, ഏതുസാഹചര്യത്തിലാണ് 30 ശതമാനം സംവരണം ലഭിക്കേണ്ട വിഭാഗത്തെ ഒന്‍പത് ശതമാനത്തില്‍ ഒതുക്കിയതെന്ന് വിശദീകരിക്കാന്‍ ആവശ്യമായ രേഖകള്‍ വകുപ്പിന്റെ പക്കല്‍ ലഭ്യമല്ലെന്ന സൂചനകള്‍ പുറത്തുവന്നത്.
രേഖകള്‍ ഇല്ലെങ്കില്‍ വിദ്യാഭ്യാസവകുപ്പ് പ്രതിനിധി കമ്മിഷന് മുന്നിലെത്തി സാഹചര്യം വിശദീകരിക്കേണ്ടിവരും. മെഡിക്കല്‍ പി.ജി കോഴ്‌സുകളില്‍ പിന്നോക്ക വിഭാഗങ്ങളെ ഒന്‍പത് ശതമാനത്തില്‍ ഒതുക്കുകയും മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം അനുവദിക്കുകയും ചെയ്തതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച അഭിപ്രായം തേടിയപ്പോഴാണ് കമ്മിഷന്‍ വിഷയത്തില്‍ ഇടപ്പെട്ടത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിനോട് ഉത്തരവിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."