'ഓഖി'യെ ഓര്‍മിപ്പിച്ച് 'ബുറെവി' ; അതീവ ജാഗ്രതയോടെ കേരളം
യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മൂന്ന് വര്‍ഷം മുന്‍പ് കേരള തീരത്തെ പിടിച്ചുലച്ച ഓഖി ചുഴലിക്കാറ്റിനെ ഓര്‍മിപ്പിച്ച്, ഏതാണ്ട് അതേസമയത്തു തന്നെയാണ് 'ബുറെവിയും' എത്തുന്നത്. 2017 നവംബര്‍ 29നായിരുന്നു ഓഖി രൂപപ്പെട്ടത്. അന്ന് തീരദേശ മേഖലയില്‍ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ വൈകിയെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ ഈ പ്രാവശ്യം അതീവ ജാഗ്രതയോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. തീരദേശ മേഖലയില്‍ മുന്നറിയിപ്പുകള്‍ കൈമാറുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സഹകരണം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ തീരദേശ മേഖലയില്‍ വാഹനങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. തീരദേശ മേഖലയില്‍ എല്ലായിടത്തും മുന്നറിയിപ്പുകള്‍ കൃത്യമായി എത്തിക്കാനായിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫിസ് അറിയിച്ചു.
നവംബര്‍ 28 മുതല്‍ തന്നെ ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വിജയവാഡയില്‍ നിന്നുമുള്‍പ്പെടെയുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു ടീമുകള്‍ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലായെത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേരള തീരത്ത് കടലില്‍ കപ്പലുകള്‍ സജ്ജമാക്കാന്‍ നേവിയോടും ഹെലിക്കോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളും സജ്ജമാക്കാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിനു പുറമേ ജില്ലാതലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."