പ്രമേഹത്തിന് ഒറ്റമൂലി ചികിത്സ: അഞ്ചച്ചവിടിയിലെ അനധികൃത മരുന്ന് വില്‍പനകേന്ദ്രം അടച്ചുപൂട്ടി
കാളികാവ്: അഞ്ചച്ചവടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മരുന്നു വില്‍പന കേന്ദ്രം അധികൃതര്‍ പൂട്ടി. അഞ്ചച്ചവിടി പളളിയുടെ എതിര്‍വശം പ്രവര്‍ത്തിക്കുന്ന ശിഫ ആയുര്‍വേദ മഹല്‍ എന്ന സ്ഥാപനത്തിനെതിരേയാണ് അധികൃതര്‍ നടപടിയെടുത്തിട്ടുള്ളത്.
ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്ത് അധികൃതരും പൊലിസും നടത്തിയ പരിശോധനയിലാണ് കേന്ദ്രത്തിനെതിരെ നടപടി എടുത്തിട്ടുള്ളത്. കേന്ദ്രത്തില്‍ മരുന്നു ഉല്‍പ്പാദിപ്പിക്കാനോ വില്‍പന നടത്താനോ ചികിത്സ നടത്താനോ അനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് നടപടി.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചികിത്സാലയം കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് പ്രശസ്തി നേടിയത്. പ്രമേഹത്തിനുള്ള ഒറ്റമൂലി മരുന്നു വില്‍പന തുടങ്ങിയതോടെയാണ് ജനശ്രദ്ദ നേടിയത്. പാരമ്പര്യ വൈദ്യന്‍ എന്ന് അവകാശപ്പെടുന്ന കടയുടമ പ്രമേഹം നിശ്ശേഷം മാറുന്നതും സ്വയം വികസിപ്പിച്ചെടുത്തതും എന്നവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ഭാര്യയിലുള്‍പ്പടെ ചികിത്സിച്ച് മരുന്നു കൊണ്ട് ഭേതപ്പെടുത്തിയെന്ന നിലയിലാണ് വൈദ്യര്‍ പ്രചാരണം നടത്തിയിരുന്നത്.
ഒരു മാസത്തേക്കുള്ള മരുന്നിന് 300 രൂപയാണ് വില. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍തോതില്‍ ആളുകള്‍ എത്തിത്തുടങ്ങി. മൂന്ന് ദിവസത്തിനുള്ളില്‍ വലിയ അളവില്‍ മരുന്ന് വില്‍പന നടത്തിയതായി നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവം ശ്രദ്ദയില്‍പ്പെട്ട ആരോഗ്യ വകുപ്പ് അധികൃതര്‍ മറ്റു വകുപ്പുകളേയും കൂട്ടി പരിശോധന നടത്തുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്തില്‍ നിന്നുള്ള കെട്ടിട നമ്പര്‍ പോലുമില്ലാത്ത മുറിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഒരുതരത്തിലുമുള്ള ലൈസന്‍സും ഇല്ലാത്തതിനെ തുടര്‍ന്നാണ് മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചത്. പ്രമേഹ മരുന്ന് പരിശോധനക്കായി അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."