ഗവ. വനിതാ കോളജ് ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം: എം.എസ്.എഫ്
മലപ്പുറം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മലപ്പുറം മണ്ഡലത്തില്‍ അനുവദിച്ച ഗവ. വനിതാ കോളജ് വീണ്ടും കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ എം.എസ്.എഫ് സമരമുഖത്തുണ്ടാകുമെന്ന് മലപ്പുറം മണ്ഡലം കമ്മിറ്റി.
കോളജ് താത്ക്കാലികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ വാടക കരാര്‍ കാലാവധി നവംബര്‍ മാസത്തോടുകൂടി അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ അടിയന്തരമായി വാടക നല്‍കാനുള്ള സംവിധാനം ഒരുക്കുകയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റുകയും വേണമെന്ന് എം.എസ്.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാരിന്റെ താല്‍പര്യക്കുറവുമൂലം ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കോളജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയമിക്കപ്പെട്ട സ്‌പെഷല്‍ ഓഫിസര്‍ കോളജ് നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. രണ്ടുവര്‍ഷക്കാലമായി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടോ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടോ ഒന്നും ചെയ്യാതെ ഗവണ്‍മെന്റിനെയും ഉദ്യോഗസ്ഥരെയും തെറ്റിധരിപ്പിക്കുന്ന സ്‌പെഷല്‍ ഓഫിസറെ മാറ്റി കോളജിലേക്ക് അനുവദിച്ച പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുകയും മലപ്പുറത്തുനിന്നു കോളജ് നഷ്ടപ്പെടാതിരിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തില്ലെങ്കില്‍ എം.എസ്.എഫ് ശക്തമായ തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ ഭാരവാഹികള്‍ അറിയിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, റിയാസ് പുല്‍പ്പറ്റ, പി.കെ ബാവ, മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി സജീര്‍ കളപ്പാടന്‍, മുജീബ് കോഡൂര്‍, വി.കെ റാഷിദ്, ഇ.കെ റഹീം, അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, സദാദ് മുണ്ടുപറമ്പ, കെ.വി.എം മന്‍സൂര്‍, സുഹൈല്‍ വാലഞ്ചേരി, അഫ്‌സല്‍ പുല്‍പ്പറ്റ, മൂസ മുടിക്കോട്, ഇര്‍ഷാദ് ഒറ്റത്തറ, ഷാഫി ആലത്തൂര്‍പടി, തബഷീര്‍ മുണ്ടുപറമ്പ, ജാസിം കോല്‍മണ്ണ, ഷാക്കിര്‍ ചെമ്മങ്കടവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."