കെ.എല്‍ 76 നന്മണ്ട നന്മണ്ടയിലെ ആര്‍.ടി ഓഫിസ് ആറിന് ഉദ്ഘാടനം ചെയ്യും
ബാലുശ്ശേരി: കൊടുവള്ളി, കോഴിക്കോട് ജോയിന്റ് ആര്‍.ടി ഓഫിസുകള്‍ വിഭജിച്ച് നന്മണ്ട ആസ്ഥാനമായി വരുന്ന ആര്‍.ടി ഓഫിസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ആറിന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നന്മണ്ടയില്‍ എക്‌സൈസ് ഓഫിസിന്റെ മുകള്‍ നിലയിലാണ് ആര്‍.ടി ഓഫിസ്.
കക്കോടി, കാക്കൂര്‍, നന്മണ്ട, കുരുവട്ടൂര്‍, തലക്കുളത്തൂര്‍, ചേളൂര്‍, നരിക്കുനി, പനങ്ങാട്, കാന്തലാട്, കിനാലൂര്‍, ശിവപുരം, ഉണ്ണികുളം, അത്തോളി, ബാലുശ്ശേരി എന്നീ വില്ലേജുകളാണ് പുതിയ ആര്‍.ടി ഓഫിസില്‍ ഉള്‍പ്പെടുന്നത്. ജില്ലയില്‍ അനുവദിച്ച രണ്ട് ആര്‍.ടി ഓഫിസുകളില്‍ ഒന്ന് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നന്മണ്ടയില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, എ.എം.വി.ഐ-2, ഹെഡ് ക്ലര്‍ക്ക്-1, ക്ലര്‍ക്ക്-3, ടൈപ്പിസ്റ്റ്-1,അറ്റന്റര്‍-1 എന്നിങ്ങനെ പത്തു ജീവനക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുന്നതിന് എഴുകുളം റോഡില്‍ 60 സെന്റ് ഭൂമിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
വ്യാപകമായ പരാതികള്‍ക്കിടയിലാണു ജില്ലയില്‍ രണ്ട് ആര്‍.ടി ഓഫിസുകളും സ്ഥാപിതമായത്. വിസ്തൃതിയില്‍ ജില്ലയിലെ ഏറ്റവും വലിയ ആര്‍.ടി ഓഫിസായ കൊടുവള്ളി വിഭജിച്ച് തിരുവമ്പാടിയിലോ മുക്കത്തോ സ്ഥാപിക്കണമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍ മലയോര മേഖലയെ തഴഞ്ഞ് രണ്ട് മന്ത്രി മണ്ഡലങ്ങളില്‍ അനുവദിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നന്മണ്ട ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലും പേരാമ്പ്ര തൊഴില്‍ വകുപ്പു മന്ത്രിയുടെ മണ്ഡലത്തിലുമാണ്. പുതിയ ആര്‍.ടി ഓഫിസ് മുക്കത്തു സ്ഥാപിക്കണമെന്ന് വകുപ്പു മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പി ആവശ്യപ്പെട്ടിരുന്നെങ്കിലും അതും തമസ്‌കരിക്കപ്പെട്ടു.
നന്മണ്ടയില്‍ ആറിനു രാവിലെ 11ന് നടക്കുന്ന ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ഒ.പി ശോഭന അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, എം. ഗംഗാധരന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പോള്‍ സണ്‍, ജോ. ആര്‍.ടി.ഒ കെ.ആര്‍ സുരേഷ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."