കലക്ടര്‍ ഉറപ്പു നല്‍കി; ബൈപാസ് ഇരകള്‍ക്ക് രണ്ടുമാസത്തിനകം നഷ്ടപരിഹാരം
നിലമ്പൂര്‍: ബൈപ്പാസിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് 60 ദിവസത്തിനകം പണം കൈമാറുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്. ഇന്നലെ കലക്ടറേറ്റില്‍ ഭൂഉടമാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു കലക്ടര്‍ നടപടികള്‍ വേഗത്തിലാക്കി പണം കൈമാറാമെന്ന ഉറപ്പു നല്‍കിയത്.
നിര്‍ദിഷ്ട ബൈപാസ് ആദ്യ ഘട്ടത്തിനായി സ്ഥലം വിട്ടു നല്‍കേണ്ടവര്‍ക്കു മാസങ്ങള്‍ക്കു മുന്‍പു നല്‍കിയ ഉറപ്പു ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നു ബുധനാഴ്ച അഞ്ചു മണിക്കൂറോളം പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചിരുന്നു.
സമരത്തെത്തുടര്‍ന്ന് എംഎല്‍എ ഇടപെട്ട് കലക്ടറുമായി ഫോണില്‍ സംസാരിച്ചാണു കതീരുമാനമായത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണു കലക്ടര്‍ ഭൂഉടമകളുമായി സംസാരിച്ചത്.
ഭൂമിക്കു വില നിര്‍ണയിച്ചതിലെ സാങ്കേതിക പ്രശ്‌നം ഒഴിവാക്കി വില പുനര്‍നിര്‍ണയം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം കലക്ടര്‍ക്കു റിപോര്‍ട്ട് നല്കും. തുടര്‍ന്നു തിരവനന്തപുരത്തേക്ക് ഇത് സംബന്ധിച്ചു ഫയല്‍ കലക്ടര്‍ അയക്കുമെന്നും അവിടെ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് എംഎല്‍എ ഇടപെടുമെന്നും ഭൂഉടമകള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ഉമ്മഴി വേണു, ഇഫ്ത്തിക്കാറുദ്ദീന്‍, പി.ശങ്കരന്‍ എന്നിവരും എംഎല്‍എയുടെ പ്രതിനിധിയെന്ന നിലയില്‍ എന്‍.വേലുക്കുട്ടിയും കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."