സ്ത്രീകളും മല ചവിട്ടും: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി വിധി. 4:1 ഭൂരിപക്ഷത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി വന്നത്.
''ക്ഷേത്രത്തിന്റെ നിയമം ഭരണഘടനയിലെ 14, 25 എന്നീ അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണ്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മേലെയോ താഴെയോ അല്ല. വിശ്വാസത്തിന്റെ പേരില്‍ മതത്തില്‍ തട്ടുകള്‍ അനുവദിക്കാനാവില്ല. നിയന്ത്രണം മതത്തിന്റെ അഭിവാജ്യ ഘടകമായി പരിഗണിക്കാനാവില്ല''- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ഏക സ്ത്രീ ജഡ്ജായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് നാലു പേരുടെ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ മിശ്രയ്‌ക്കൊപ്പം വിധി തീരുമാനിച്ചു. അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി പരിഗണിക്കാനാവില്ലെന്നും സുപ്രിംകോടതി വിധിച്ചു.
10-50 വയസ്സിനിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ്- ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍
വിധിക്ക് ആധാരമായ ഹരജി
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ 2006 ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
എട്ടു ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കേസ് വിധിപറയാന്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."