റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ വീടിനുനേരെ കല്ലേറ്
കാസര്‍കോട്: കാസര്‍കോട് പഴയചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനായിരുന്ന റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനുനേരെ കല്ലേറ്. ചൂരിയിലെ ഹാഷിമിന്റെ സഹോദരന് അസീസിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ സൂചിപ്പിച്ചു.
നേരത്തെ ഹാഷിം സഹോദരന് അസീസിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈയടുത്താണ് വീടിന് സമീപം പുതിയ വീട് നിര്‍മിച്ച് താമസം മാറിയത്.
ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം സഹോദരന് അസീസിന്റെ വീടിനുനേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലിസ് സ്ഥലത്തെത്തി. അക്രമത്തിനു ശേഷം ബൈക്ക് കേളുഗുഡ്ഡെ ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികളില്‍ നിന്ന്വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സമീപത്തെ വീടുകളിലെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്. അസീസിന്റെ വീടിനു സമീപത്തെ ഒരു വാടക വീട്ടിലേക്ക് കല്ലേറുണ്ടായെങ്കിലും നാശനഷ്ടമുണ്ടായിട്ടില്ല. സംഭവത്തില്‍ കാസര്‍കോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."