ദുരന്തം നേരിടാന്‍ കേരളം കരുത്തു നേടണം
പ്രകൃതിദുരന്ത ഭീഷണിയുടെ കാര്യത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോട് സമാനമാകുകയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള കേരളം. അന്തരീക്ഷ ശാസ്ത്രത്തിന്റെ ഭാഷയില്‍ ട്രോപ്പിക്കല്‍ മേഖലയില്‍ കേരളത്തെക്കൂടാതെ അനേകം രാജ്യങ്ങളും പ്രദേശങ്ങളുമുണ്ടെങ്കിലും കേരളത്തെ മാത്രം 'ദൈവത്തിന്റെ സ്വന്തം നാടെന്നു' വിളിക്കാനുണ്ടായ കാരണം നമ്മുടെ പ്രത്യേകമായ ഭൂപ്രകൃതിയും കാലാവസ്ഥയും സാമൂഹിക- സാംസ്‌കാരിക രംഗവുമെല്ലാമായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഈ സവിശേഷതകളെല്ലാം അറിഞ്ഞോ അറിയാതെയോ നമുക്കില്ലാതാകുകയോ ദുര്‍ബലമാകുകയോ ചെയ്തു. പുറം സംസ്‌കാരങ്ങള്‍ എടുത്തണിഞ്ഞ മലയാളിക്ക് അപ്പോഴും ബാക്കിയുണ്ടായിരുന്നത് കേരളത്തിന്റെ പ്രകൃതിഭംഗിയും കാലാവസ്ഥയുമെല്ലാമായിരുന്നു.
പ്രകൃതിദുരന്തങ്ങളെ ഏറെയൊന്നും ഭയക്കേണ്ടതില്ലാത്ത നാടായിരുന്നു ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് അക്ഷാംശം 8.5 ഡിഗ്രിക്കും 12.5 ഡിഗ്രിക്കും ഇടയിലുള്ള കേരളം. മിതോഷ്ണ കാലാവസ്ഥയും ക്രമംതെറ്റാതെ വരുന്ന ഋതുക്കളുമെല്ലാം നമ്മുടെ പ്രത്യേകതകളായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയെയും കടലിനെയും കാലവര്‍ഷത്തെയും പേടിക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. നമുക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഫിലിപ്പൈന്‍സും ഇന്തോനേഷ്യയും തുടര്‍ച്ചയായ ഭൂചലനങ്ങളെ നേരിട്ടപ്പോള്‍, ബംഗ്ലാദേശ് പ്രളയത്തെ നേരിടുമ്പോള്‍, ഉത്തരേന്ത്യ വരള്‍ച്ചയെ നേരിടുമ്പോള്‍, പശ്ചിമ ബംഗാളും ഒഡിഷയും ചുഴലിക്കാറ്റുകളെ നേരിടുമ്പോഴെല്ലാം മലയാളിക്ക് അതെല്ലാം പത്രവാര്‍ത്ത മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി വിഭിന്നമാണ്. വൃശ്ചികത്തണുപ്പില്‍ മൂടിപ്പുതച്ചു കിടക്കേണ്ട നാം ഇന്ന് എഴുന്നേല്‍ക്കുന്നത് ബുറെവി ചുഴലിക്കാറ്റ് സംസ്ഥാനത്തേക്കെത്തുമെന്ന ഭീതിയിലാണ്. ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ പ്രവേശിച്ച ശേഷം ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായാണ് കേരളത്തിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സാങ്കേതികമായി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാറ്റിന്റെ വേഗതയുടെ ശക്തിയില്‍ വലിയ കുറവൊന്നും സംഭവിക്കുന്നില്ല. 60 കി.മി വരെ വേഗതയുള്ള കാറ്റായി തീവ്രന്യൂനമര്‍ദം ഇന്ന് പൊന്മുടി വഴി കേരളത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
ചുഴറ്റിയടിക്കുന്ന ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് തെക്കന്‍ കേരളത്തിലെ ജില്ലകളിലുള്ളവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. മഴ മുന്നറിയിപ്പും മറ്റു ദുരന്തനിവാരണ രക്ഷാ മാര്‍ഗങ്ങളുമെല്ലാം സജ്ജീകരിച്ചുകഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലുമുള്‍പ്പെടുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ രൂപപ്പെടുന്നത് മെയ്- ജൂണ്‍ മാസങ്ങളിലും ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലുമാണ്. ഈ പതിവുപോലും തെറ്റിയാണിപ്പോള്‍ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉടലെടുക്കുന്നത്. ആഗോളതാപനം മുതല്‍ അനേകം കാരണങ്ങള്‍ ഇവയ്ക്കു പിന്നിലുണ്ട്. ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാറുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അവ തമിഴ്‌നാട് കടന്ന് കേരളത്തിലേക്ക് സഞ്ചരിക്കലും അപൂര്‍വമാണ്. ബുറെവിക്കു മുന്‍പ് ഗജയാണ് ഇത്തരത്തില്‍ കേരളം മുറിച്ചുകടന്ന ചുഴലിക്കാറ്റ്.
ഭൂമുഖത്താകമാനം പ്രകൃതിദുരന്തങ്ങള്‍ കൂടിവരുന്നുണ്ട്. ദുരന്തങ്ങളുടെ തീവ്രതയും കൂടുന്നുണ്ട്. 2019ലേതില്‍ നിന്ന് വ്യത്യസ്തമായി ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുണ്ടായ ചുഴലിക്കാറ്റിനേക്കാള്‍ കുറവാണ് ഈ വര്‍ഷമുണ്ടായത്. എന്നാല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തിരുത്തിയ ശക്തിയില്‍ ഉം-പുന്‍ ചുഴലിക്കാറ്റുണ്ടായത് ഈ വര്‍ഷമാണ്. ബുറെവി ഒഴികെ ഈ വര്‍ഷം ഇതുവരെയുണ്ടായ ചുഴലിക്കാറ്റുകളെല്ലാം ഉഗ്രശേഷിയുള്ളതായിരുന്നു.
പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ അതിനെ ലഘൂകരിക്കാനാകൂ. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു പ്രളയത്തെ കാലവര്‍ഷക്കാലത്ത് കേരളം അഭിമുഖീകരിച്ചു. ഇതേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ ആഘാതത്തില്‍ നിന്ന് ആരും മോചിതരായിട്ടില്ല. ഓഖി വിതച്ച നഷ്ടങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മോചിതരായിട്ടില്ല. പ്രളയം സംസ്ഥാന സര്‍ക്കാരിന് താങ്ങാനാവുന്നതിലും വലിയ ദുരന്തമായി. 2020ല്‍ പ്രളയമൊഴിവായത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദങ്ങളോ ചുഴലിക്കാറ്റുകളോ ഇല്ലാതിരുന്നതിനാലാണെന്ന് ആശ്വസിക്കാം. മഴക്കാലത്ത് നമ്മുടെ കിഴക്ക് രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റുകള്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി കൂട്ടുകയും മേഘങ്ങളുടെ ഒഴുക്ക് തുടരുകയും ചെയ്യും. പശ്ചിമഘട്ട മലനിരകള്‍ അവയെ തടഞ്ഞുനിര്‍ത്തുന്നതിനാല്‍ മഴ കേരളത്തില്‍ കോരിച്ചൊരിയും. ഈ അവസ്ഥയാണ് പ്രളയത്തിന് കാരണമാകുന്നത്.
അശാസ്ത്രീയമായ നഗരാസൂത്രണം, തണ്ണീര്‍ത്തടങ്ങളുടെ നാശം, വയല്‍ നികത്തല്‍, ജലാശയങ്ങളുടെ ശാസ്ത്രീയ പുനരുദ്ധാരണം നടത്താതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധി. പ്രളയം തുടര്‍പ്രതിഭാസമായി വിലയിരുത്തി ദീര്‍ഘകാല നടപടികള്‍ സ്വീകരിച്ചാലേ കേരളത്തിന് അതിജീവിക്കാനാകൂ. വീടുകള്‍ നിര്‍മിക്കാന്‍ വയലുകള്‍ നികത്തുന്നത് നിര്‍ലോഭം തുടരുകയാണ്. തണ്ണീര്‍ത്തട സംരക്ഷണ നിയമമെല്ലാം പൊടിപിടിച്ചുകിടക്കുകയാണോ എന്ന് തോന്നിപ്പോകും പലയിടത്തും വ്യാപകതോതില്‍ വയല്‍ നികത്തല്‍ കാണുമ്പോള്‍. 24 മണിക്കൂറില്‍ 20 സെ.മി മഴ പെയ്താല്‍ താങ്ങാനുള്ള ശേഷി കേരളത്തിലെ എത്ര നഗരങ്ങള്‍ക്കുണ്ടെന്ന് സര്‍ക്കാര്‍ ശാസ്ത്രീയമായി പഠിക്കണം.
തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ഒരു ദിവസത്തെ മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍ നഗരങ്ങളില്‍ തന്നെയുണ്ട്. റോഡുകള്‍ നിര്‍മിക്കുമ്പോഴും നവീകരിക്കുമ്പോഴും പ്രളയകാലത്തെ മഴ മുന്നില്‍ കാണണം. ഇരുവശത്തും ഓവുചാലുകള്‍ വേണം. 2018ല്‍ വെള്ളം കയറിയ അളവില്‍ ഫ്‌ളഡ് മാപ്പിങ് നടത്തിയ ശേഷം അത്രയും ഉയര്‍ത്താം. നഗരാസൂത്രണം നടത്തുമ്പോള്‍ മതിയായ അളവില്‍ മഴവെള്ളമൊഴുകാനുള്ള ഓടകള്‍ വേണം. തണ്ണീര്‍ത്തടങ്ങളും കുന്നുകളും സംരക്ഷിക്കണം. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന രീതിയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ഊര്‍ജിതമായ തയാറെടുപ്പുകളും നടത്തണം. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം അതേക്കുറിച്ച് ചിന്തിക്കുന്ന രീതിയാകരുത്. കേരളം ഇനിയെങ്കിലും ദുരന്തം നേരിടാന്‍ കരുത്തുനേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."