ട്രംപിനെ കഴിവുകെട്ടവനെന്ന് വിശേഷിപ്പിച്ച സംഭവം ബ്രിട്ടന്‍ അന്വേഷണം തുടങ്ങി
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ കഴിവുകെട്ടവനെന്ന് വിശേഷിപ്പിച്ച ഇമെയില്‍ ചോര്‍ന്നതിനെ കുറിച്ച് ബ്രിട്ടന്‍ അന്വേഷണം പ്രഖ്യാപിച്ചു. സന്ദേശം ചോര്‍ന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പറഞ്ഞു.
ധാര്‍മികതയ്ക്കു ചേരാത്തതും രാജ്യദ്രോഹപരവുമായ നടപടിയാണതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരേസ മേ തന്റെ അംബാസഡറില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചു,പക്ഷേ അദ്ദേഹം പറഞ്ഞതായ കാര്യങ്ങളോട് യോജിച്ചില്ല. ട്രംപ് ഭരണകൂടത്തിലുള്ളത് യോഗ്യരാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവരാണെന്നും ബ്രിട്ടീഷ് അംബാസഡര്‍ കിം ഡാരക് കുറ്റപ്പെടുത്തിയിരുന്നു.
2016ല്‍ യു.എസിലെ അംബാസഡറാവുന്നതിനു മുമ്പ് മൂന്നുവര്‍ഷം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളിലും യൂറോപ്യന്‍ യൂനിയനിലെ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതിലും 42 വര്‍ഷത്തെ നയതന്ത്ര പരിചയമുള്ള അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
അതിനിടെ അംബാസഡറുടെ വാക്കുകള്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാതെ നോക്കുന്നതിനായി യു.എസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയോട് താന്‍ മാപ്പു പറയുമെന്ന് ഇപ്പോള്‍ വാഷിങ്ടണ്‍ സന്ദര്‍ശനത്തിലുള്ള ബ്രിട്ടന്റെ വാണിജ്യമന്ത്രി ലിയാം ഫോക്‌സ് പറഞ്ഞു. പര്യടനത്തിനിടെ അദ്ദേഹം ഇവാന്‍കയെ കാണുന്നുണ്ട്.
അതേസമയം താന്‍ ആ മനുഷ്യന്റെ ആരാധകനല്ലെന്ന് അംബാസഡറുടെ പരാമര്‍ശത്തെ പറ്റി ചോദിച്ച മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."