ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്: സിറിയക്ക് വന്‍ ജയം
അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ സിറിയക്ക് വന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഉത്തര കൊറിയയെ 5-2 എന്ന സ്‌കോറിനാണ് സിറിയ തകര്‍ത്തത്. മത്സരത്തില്‍ കൊറിയക്ക് മേല്‍ ആധിപത്യം നേടിയ സിറിയ ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കൊറിയ ലക്ഷ്യം കണ്ടിരുന്നു. ജോങ്ങായിരുന്നു കൊറിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 41-ാം മിനുട്ടില്‍ സിറിയ ഷാദി ഹംവിയിലൂടെ ഗോള്‍ മടക്കി. രണ്ടാം പകുതിക്ക് ശേഷം കൊറിയന്‍ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത സിറിയന്‍ താരം മുഹമ്മദ് ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. 61-ാം മിനുട്ടില്‍ ഷാദി ഹംവി രണ്ടാം ഗോളും നേടി സ്‌കോര്‍ 3-1 എന്ന നിലയിലാക്കി. 65-ാം മിനുട്ടില്‍ മുഹമ്മദിലൂടെ സിറിയയുടെ നാലാം ഗോളും പിറന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 78-ാം മിനുട്ടില്‍ റി ജിന്നിലൂടെ കൊറിയയുടെ രണ്ടാം ഗോള്‍ പിറന്നു. ഇതോടെ സ്‌കോര്‍ 4- 2 എന്ന നിലയിലെത്തി. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ 91-ാം മിനുട്ടില്‍ സിറിയ അഞ്ചാം ഗോളും നേടി ജയം ഉറപ്പിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ സിറിയ താജികിസ്ഥാനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."