യാത്രക്കാരുമായി പോയ ബോട്ട് നിയന്ത്രണം വിട്ടു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ഫെറിയില്‍ യാത്രക്കാരുമായി പോയ ബോട്ട് നിയന്ത്രണം വിട്ടു. എതിര് കാറ്റ് തുണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. രാവിലെ ആറരയോടെ യാത്രക്കാരുമായി മുനമ്പത്തേക്ക് പോകുകയായിരുന്ന ബോട്ട് പാതി വഴിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.
കടല്‍ കാറ്റും വേലിയേറ്റവും മൂലം ബോട്ട് കിഴക്കോട്ട് ഒഴുകി. നൂറ് മീറ്ററോളം ദൂരം ഒഴുകി നടന്ന ബോട്ടിനെ മത്സ്യ ബന്ധന ഫൈബര്‍ വള്ളം ഉപയോഗിച്ച് കെട്ടിവലിച്ച് മുനമ്പത്തെത്തിച്ചു. കാറ്റ് മറു ദിശയിലേക്കായിരുന്നുവെങ്കില് യാത്രക്കാരുമായി ബോട്ട് കടലിലേക്കൊഴുക്കുമായിരുന്നു. താത്ക്കാലിക ബോട്ട് സര്‍വിസ് ആരംഭിച്ച് മൂന്നാം വട്ടമാണ് ഇത്തരത്തില്‍ തകരാറുണ്ടാകുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഉല്ലാസയാത്രക്ക് ഉപയോഗിക്കുന്ന ബോട്ട് അഴിമുഖത്ത് നിറയെ യാത്രക്കാരുമായി സര്‍വിസ് നടത്തുന്നത് അപകട സാധ്യത സൃഷ്ടിക്കുമെന്ന് പലവട്ടം മുന്നറിയിപ്പുണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. ശക്തമായ കാറ്റും ഓളവും നേരിടാന്‍ കഴിയാത്ത ബോട്ട് നിറയെ യാത്രക്കാരുമായി വര്‍ഷകാലത്ത് ഫെറിയില്‍ സര്‍വിസ് നടത്തുന്നത് അപകടത്തെ വിളിച്ചു വരുത്തലായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."