കുടുംബ ബന്ധങ്ങള്‍ക്കൊരു ചരമക്കുറിപ്പ്
വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ നിയമപരമായ അടിത്തറ എന്തുതന്നെയായാലും ധാര്‍മിക തലത്തിലും നമ്മുടെ സാമൂഹ്യജീവിതത്തില്‍ മൊത്തത്തില്‍ തന്നെയും അതു സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ഗുണകരമായിരിക്കില്ലെന്ന് ഉറപ്പാണ്. സാമൂഹ്യഘടനയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമായ കുടുംബ ബന്ധങ്ങളുടെ ഭദ്രതയ്ക്ക് ഈ വിധി ഒരു ചരമക്കുറിപ്പായേക്കുമെന്ന ആശങ്ക വ്യാപകമാണ്. കോടതിയെ സംബന്ധിച്ചിടത്തോളം എത്ര സദുദ്ദേശപരമായിരുന്നാലും ഇന്ത്യന്‍ ജനത ജീവശ്വാസംപോലെ സംരക്ഷിച്ചുപോരുന്ന സാമൂഹ്യ, കുടുംബ മൂല്യങ്ങള്‍ തകര്‍ത്തെറിയാനുള്ള ശേഷി വിധിക്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 15, 21 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് വിധിന്യായത്തില്‍ പറയുന്നു. വിവാഹേതര ലൈംഗികബന്ധത്തിന്റെ പേരില്‍ കേസെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സി.ആര്‍.പി.സി 198 (2) വകുപ്പും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന വ്യവസ്ഥ മാത്രമുള്‍പെട്ടതല്ല 497ാം വകുപ്പ്. വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന് അഞ്ചു വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന വകുപ്പില്‍ ഇതേ കുറ്റത്തിനു സ്ത്രീയുടെ പേരില്‍ കേസെടുക്കാമെന്നു പറയുന്നില്ല. ഇരുവര്‍ക്കും തുല്യപങ്കാളിത്തമുള്ള ഒരു കൃത്യത്തില്‍ ഒരാളെ മാത്രം കുറ്റവാളിയാക്കുന്നതിലെ നീതിരാഹിത്യം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ സ്ത്രീയുമായി വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വിചിത്രമായ വ്യവസ്ഥയും വകുപ്പിലുണ്ട്. അതുവച്ചു നോക്കുമ്പോള്‍ ഭാര്യ അടിമയും ഭര്‍ത്താവ് ഉടമയുമെന്ന നിലവരുന്നു. ഇത്തരം ചില അപാകതകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു ഹരജി പരിഗണിച്ച കോടതി, വകുപ്പ് മൊത്തത്തില്‍ തന്നെ റദ്ദാക്കിയപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതായി മാറുകയാണുണ്ടായത്. ഇതു തന്നെയാണ് ഈ വിധിയെ സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതയ്ക്കു ഭീഷണിയാക്കി മാറ്റിയത്.
മനുഷ്യരാശി സാമൂഹ്യജീവിതം ആരംഭിച്ചതു മുതല്‍ രൂപംകൊണ്ടതാണ് കുടുംബമെന്ന സംവിധാനവും അതിനെ ഊട്ടിയുറപ്പിക്കുന്ന വിവാഹമെന്ന ഉടമ്പടിയും. ദമ്പതികള്‍ തമ്മിലുള്ള പ്രണയവും അതിനെ അരക്കിട്ടുറപ്പിക്കുന്ന ലൈംഗിക അച്ചടക്കവും ദാമ്പത്യ ജീവിതത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും അവിഭാജ്യ ഘടകങ്ങളാണ്. സാമൂഹ്യ ജീവിതത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പില്‍ ഇതിനൊക്കെയുള്ള പ്രാധാന്യം മനസിലാക്കിയാണ് എല്ലാ മതങ്ങളും മിക്ക ഭരണകൂടങ്ങളും സ്ത്രീപുരുഷ ബന്ധങ്ങള്‍ക്കു ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. കുടുംബ ബന്ധത്തില്‍ പാലിക്കേണ്ട വിശ്വാസ്യതയെ അവഗണിച്ച് നിയമതടസമില്ലാതെ ആര്‍ക്കും ആരുമായും ലൈംഗികബന്ധം ആവാമെന്നു വന്നാല്‍ കുടുംബ വ്യവസ്ഥ പാടെ തകരുമെന്ന കാര്യത്തില്‍ രണ്ടില്ല പക്ഷം.
കുടുംബ വ്യവസ്ഥ തകരുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍. സമൂഹത്തില്‍ ലൈംഗിക അരാജകത്വം നടമാടാന്‍ ഇതു കാരണമാകും. ഇപ്പോള്‍തന്നെ നമ്മുടെ സമൂഹത്തില്‍ ദമ്പതിമാര്‍ തമ്മില്‍ സംശയത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളുമൊക്കെ വ്യാപകമാണ്. അതു വര്‍ധിക്കാന്‍ ഈ വിധി കാരണമായേക്കും. വിവാഹമോചനങ്ങള്‍ പെരുകും. കുടുംബ കോടതികളില്‍ കേസുകള്‍ കുന്നുകൂടും. കുട്ടികളുടെ പിതൃത്വം സംബന്ധിച്ചും അവരുടെ സ്വത്തവകാശം സംബന്ധിച്ചുമുള്ള തര്‍ക്കങ്ങള്‍ വര്‍ധിക്കും. സ്വത്തവകാശത്തിനു ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാകുന്ന സാഹചര്യം വരും. വിവാഹേതര ബന്ധങ്ങളില്‍ ജനിക്കാനിടയാകുന്ന കുട്ടികള്‍ അതിന്റെ പേരില്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവമതി അവരുടെ മാനസികാവസ്ഥയെ തകിടംമറിക്കും. ഈ അപമാനം സഹിച്ചു വളരുന്ന കുട്ടികള്‍ ഭാവിയില്‍ സാമൂഹ്യവിരുദ്ധരോ തികഞ്ഞ ക്രിമിനലുകളോ ആയി മാറാനുളള സാധ്യതയും ഏറെയാണ്.
ഇങ്ങനെയെല്ലാം സാമൂഹ്യജീവിതം അസ്വസ്ഥവും കുത്തഴിഞ്ഞതും അതുവഴി സംഘര്‍ഷഭരിതവുമാക്കി മാറ്റാന്‍ ഈ വിധി കാരണമായേക്കും. 497ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെടേണ്ടതു തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനു പകരം വകുപ്പ് മൊത്തത്തില്‍ തന്നെ ഒഴിവാക്കുക വഴി വിനാശകരമായ അവസ്ഥായാണ് സംജാതമാകാന്‍ പോകുന്നത്. ഒരു വകുപ്പിലെ ചില വ്യവസ്ഥകള്‍ മാത്രം നീക്കം ചെയ്യുന്നതില്‍ ഒരുപക്ഷെ നിയമപരമായ തടസങ്ങളുണ്ടായേക്കാം. അതായിരിക്കാം വകുപ്പു മൊത്തത്തില്‍ തന്നെ റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചതെന്നു കരുതാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ കോടതി വിധിയെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ഫലത്തില്‍ അതു സൃഷ്ടിക്കുന്ന ദൂഷ്യങ്ങളെ കാണാതിരിക്കാനുമാവില്ല. അതു പരിഹരിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.
വിവാഹബന്ധത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ വിവാഹേതര ലൈംഗികബന്ധങ്ങള്‍ തടയുന്ന നിയമം വേണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്. ആ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് 497ാം വകുപ്പിലെ നീതിരഹിത വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ടു തന്നെ കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്ന പുതിയ നിയമ നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഭാരതീയ സംസ്‌കാരം ഏറെ പവിത്രമായി കാണുന്ന കുടുംബ ബന്ധങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ഇത്തരമൊരു നിയമനിര്‍മാണം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."