അന്തര്‍ദേശീയ സീഫുഡ് ഷോ വിശാഖപട്ടണത്ത്
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എം.പി.ഡി.എ), സമുദ്രോല്‍പ്പന്ന കയറ്റുമതിക്കാരുടെ അഖിലേന്ത്യാ സംഘടനയും (എസ്.ഇ.എ.ഐ) സംയുക്തമായി 20-ാം മത് ഇന്ത്യാ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ സംഘടിപ്പിക്കുന്നു.
സെപ്തംബര്‍ 23 മുതല്‍ 25 വരെ സമുദ്രോല്‍പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായ വിശാഖപട്ടണത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് എം.പി.ഡി.എ ചെയര്‍മാന്‍ ഡോ. അജയതിലക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശാഖപട്ടണം പോര്‍ട്ട്ട്രസ്റ്റിന്റെ ഡയമണ്ട് ജൂബിലി സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികളും വ്യവസായ സ്ഥാപനങ്ങളും പങ്കെടുക്കും. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലന്റ്‌സ്, സ്‌പെയിന്‍, സ്വീഡന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ജപ്പാന്‍, ചൈന, ബെല്‍ജിയം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ നിര്‍മാതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വ്യവസായ പ്രതിനിധികളെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. പ്രദര്‍ശനം രാജ്യത്ത് വളരെയധികം മൂലധനനിക്ഷേപത്തിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ അഖിലേന്ത്യാപ്രസിഡന്റ് പത്മനാഭന്‍, അസോസിയേഷന്‍ കേരള പ്രസിഡന്റ് നോര്‍വെര്‍ട്ട് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."