സുപ്രിം കോടതിയുടെ വേനലവധി വെട്ടിച്ചുരുക്കിയേക്കും
ന്യൂഡല്‍ഹി: മെയ് രണ്ടാംവാരം മുതല്‍ ജൂണ്‍ അവസാനംവരെയുള്ള സുപ്രിംകോടതിയുടെ വേനലവധി ചുരുക്കുന്നതു സംബന്ധിച്ച ചര്‍ച്ചസജീവമായി. പതിവിനുവിപരീതമായി ഇത്തവണത്തെ വേനലവധിക്കു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാനകേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചതോടെയാണ് ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്ന തരത്തിലുള്ള വേനലവധി ചുരുക്കുന്നതു സംബന്ധിച്ച ആലോചനതുടങ്ങിയത്.
മുത്തലാഖ്, വാട്‌സാപ്പിന്റെ സ്വകാര്യത, നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം, ആധാര്‍ തുടങ്ങിയ കേസുകളാണ് ഇത്തവണ അവധിക്കാല ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഇതിനിടെ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിയെ ധിക്കരിച്ച കൊല്‍ക്കത്താ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ ഹരജികളും പരിഗണനയ്ക്കു വന്നു. എന്നാല്‍ മുത്തലാഖ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ച് മാത്രമാണ് പൂര്‍ണമായും വാദം കേട്ടത്.
വാട്‌സാപ്പ് കേസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചും പൗരത്വകേസ് മദന്‍ ബി. ലോക്കൂറിന്റെ ബെഞ്ചുമാണ് പരിഗണിച്ചത്. എന്നാല്‍ ആധാര്‍ കേസ് പരിഗണിക്കേണ്ടിയിരുന്ന അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് ചെലമേശ്വര്‍ അതിനു വിസമ്മതിക്കുകയുംചെയ്തു.
ഇത്തവണത്തെ അവധിക്കാലം ഈ മാസം 11നാണ് തുടങ്ങിയത്. ജൂലൈ ഒന്നിന് അവധികഴിഞ്ഞ് കോടതി തുറക്കും. അവധിക്കാലം ഏഴാഴ്ചയില്‍ കൂടാന്‍ പാടില്ലെന്നുള്ള 2013ലെ സുപ്രിംകോടതി വിധി മാത്രമാണ് ഇക്കാര്യത്തിലുള്ള ഏകജുഡീഷ്യല്‍ ഇടപെടല്‍.
അന്നു മുതല്‍ ഏഴ് ആഴ്ച തന്നെയാണ് സുപ്രിംകോടതി അവധിയെടുക്കുന്നത്. സുപ്രിംകോടതിയില്‍ കേസുകള്‍ കുന്നുകൂടി കിടക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും അവധിക്കാലം വെട്ടിച്ചുരുക്കുന്നതോടെ കഴിയുമെന്ന് വിലിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."