ഓണ്‍ലൈന്‍ മരുന്നുവ്യാപാരം തുണയാവുക മാഫിയകള്‍ക്ക്
കൊല്ലം: ഓണ്‍ലൈന്‍ മരുന്നുവ്യാപാരത്തിന് വന്‍കിട കമ്പനികളുമായി ധാരണയിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചതോടെ, ഇത് സംസ്ഥാനത്തെ മരുന്ന് മാഫിയാ സംഘങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക.
രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും മരുന്നുകളുടെ ദുരുപയോഗത്തിനുള്ള സാധ്യതയും വര്‍ധിക്കുമെന്നതാണ് ഓണ്‍ലൈന്‍ മരുന്നുവ്യാപാരത്തിന്റെ അനന്തരഫലമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വഴി വ്യാജമരുന്നുകള്‍ സുലഭമായി വിറ്റഴിയുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യാനുസരണം ലഭിക്കുകയും ചെയ്യും.
വ്യാജമായി ഡോക്ടറുടെ കുറിപ്പടി തയാറാക്കി മനോരോഗികള്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഇപ്പോള്‍ത്തന്നെ മയക്കുമരുന്നായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ ചുവന്നുവരുന്നത് തടയാന്‍ ചില തുള്ളിമരുന്നുകളും വിപണിയില്‍ ലഭ്യമാണ്. ഇതെല്ലാം ഓണ്‍ലൈന്‍ വ്യാപാരം വരുന്നതോടെ വര്‍ധിക്കുമെന്നാണ് ആശങ്ക.
ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അനുമതി നല്‍കുന്നതിനൊപ്പം ഔഷധവിലകള്‍ ഏകീകരിക്കാത്തത് വ്യാപാരികളെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഒരേ മരുന്നുതന്നെ വിവിധ കമ്പനികള്‍ വ്യത്യസ്ത വിലയ്ക്കാണ് വില്‍ക്കുന്നത്. ഒരുവര്‍ഷം 55,000-85,000 ബാച്ച് മരുന്നുകള്‍ വിപണിയിലിറങ്ങുമ്പോള്‍ 5,000ബാച്ച് മരുന്നുകള്‍ പരിശോധിക്കാന്‍ മാത്രമാണ് തിരുവനന്തപുരം,കാക്കനാട് ലാബുകളില്‍ സൗകര്യമുള്ളത്. ഇതിനാല്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും കഴിയുന്നില്ല.
ഇതിനിടയിലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ മരുന്നുകള്‍ വിപണിയിലെത്താന്‍ അവസരം ഒരുങ്ങുന്നത്. മരുന്നുകളുടെ വില ഏകീകരിക്കാനുള്ള നടപടിയും ഫയലുകളില്‍ ഒതുങ്ങി.
രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ഉത്തരവ് പോലും നിലവില്‍ അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."