പക്ഷിയുടെ ഉപദേശം
സുന്ദരിയായ ഒരു പക്ഷി മരച്ചില്ലകളില്‍ ഇരുന്ന് ഗാനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഭാരമേറിയ മേഘങ്ങള്‍ തന്നെ താഴോട്ട് തള്ളുന്നതായി അവള്‍ക്ക് തോന്നി. സൂത്രക്കാരനായ ഒരു വേടന്‍ വിരിച്ച വലയില്‍ അകപ്പെട്ടതായിരുന്നു അവള്‍. വേടന്‍ താഴെ നിന്ന് വല താഴോട്ട് വലിക്കുകയാണ്. എത്ര ചിറകിട്ടടിച്ചിട്ടും പക്ഷിക്ക് ആ വലയില്‍ നിന്ന് പുറത്തുകടക്കാന്‍ ആയില്ല.
സ്ഥിതിഗതികള്‍ വിലയിരുത്തിയ അവള്‍ക്ക് ഒരു ബുദ്ധി തോന്നി. വേടനുമായി ഒരു വിലപേശലിന് അവള്‍ തയ്യാറായി. 'മഹാനായ വേട്ടക്കാരാ! നിങ്ങള്‍ നിങ്ങളുടെ ജീവിത കാലത്തിനിടയ്ക്ക് പലതരം പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയിട്ടുണ്ടാവും. കോഴി, കൊക്ക്, ആട്, പശു, മാന്‍. അവയൊന്നും നിങ്ങളുടെ വിശപ്പ് മാറ്റാന്‍ പര്യാപ്തമായിട്ടുണ്ടാവില്ല. പിന്നെ ഇത്തിരിപ്പോന്ന എന്റെ ഇറച്ചിക്ക് നിങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയുന്നതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് വില പിടിച്ച മൂന്ന് ഉപദേശങ്ങള്‍ തരാം. എന്റെ മാംസത്തേക്കാള്‍ മൂല്യം ഉണ്ടാവും അവയ്ക്ക്'. പക്ഷി വലയില്‍ കിടന്നു പറഞ്ഞു.
കിളിയുടെ ഉദ്ദേശം വേടനു പിടികിട്ടിയില്ല. അവളെ വിട്ടയക്കണോ പിടിച്ചുവയ്ക്കണോ എന്ന ശങ്കയിലായി വേടന്‍. വേടന്‍ കൂടുതല്‍ ചിന്തിച്ചാല്‍ തനിക്ക് രക്ഷപ്പെടാന്‍ ആവില്ല എന്ന് മനസിലാക്കി അവള്‍ പെട്ടെന്ന് പറഞ്ഞു: 'എന്റെ ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് വലിയ സഹായമാവും എന്ന് ഞാന്‍ ഉറപ്പു തരുന്നു'. അവള്‍ തുടര്‍ന്നു, 'നിങ്ങളുടെ പിടുത്തത്തില്‍ അതായത് ഈ വലയില്‍ ഇരുന്നുകൊണ്ട് തന്നെ ഒന്നാമത്തെ ഉപദേശം ഞാന്‍ നല്‍കാം. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ രണ്ടാമത്തെ ഉപദേശം നിങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്നു ഞാന്‍ പറയാം. മൂന്നാമത്തെ ഉപദേശം ആ കാണുന്ന മരത്തിന് കൊമ്പിലിരുന്നും പറയാം.'
കിളി അവളുടെ കൊക്കുകൊണ്ട് മുറ്റത്തെ പോപ്‌ളാര്‍ മരത്തിലേക്ക് ചൂണ്ടി. പക്ഷിയുടെ മാംസം തന്റെ വലിയ കുടുംബത്തിലെ ഒരാളുടെ വിശപ്പകറ്റാന്‍ പോലും തികയില്ല എന്ന് കണ്ട വേടന്‍ അവളുടെ ഉപദേശം കേട്ടുകളയാം എന്നു തന്നെ തീരുമാനിച്ചു. കിളി ആദ്യത്തെ ഉപദേശം നല്‍കി: 'എന്റെ ആദ്യത്തെ ഉപദേശം ഇതാണ്: അസാധ്യമായ കാര്യം ആരു പറഞ്ഞാലും വിശ്വസിക്കരുത്'.
വേട്ടക്കാരന് ഈ ഉപദേശം നന്നായി ബോധിച്ചു.
അടുത്ത ഉപദേശം കേള്‍ക്കുന്നതിനുവേണ്ടി അയാള്‍ കിളിയെ വലയില്‍ നിന്നു സ്വതന്ത്രമാക്കി. വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്നു കിളി തന്റെ രണ്ടാമത്തെ ഉപദേശം നല്‍കി: 'കഴിഞ്ഞ കാലത്തെക്കുറിച്ച് ആലോചിച്ചു ദുഃഖിക്കരുത്. കാലം ഒരിക്കലും മടങ്ങിവരികയില്ല'.
മൂന്നാമത്തെ ഉപദേശത്തിന് വേണ്ടി വേടന്‍ കാത്തുനില്‍ക്കവേ പക്ഷി പറന്ന് മരത്തിന്റെ ചില്ലയില്‍ സ്ഥാനമുറപ്പിച്ചു. അവിടെയിരുന്ന് കിളി ചേട്ടനോട് ഉറക്കെ വിളിച്ചു പറഞ്ഞു: 'എന്റെ വയറ്റില്‍ നൂറ് ഗ്രാം തൂക്കമുള്ള ഒരു അപൂര്‍വ രത്മുണ്ട്'.
കുറച്ചുനേരം മൗനം പാലിച്ച് ശേഷം പക്ഷി തുടര്‍ന്നു, 'എന്ത് ചെയ്യാം! താങ്കള്‍ക്ക് അത് സ്വന്തമാക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി. വിധി അത് കാത്തുവച്ചത് മറ്റാര്‍ക്കെങ്കിലുമോ ആവാം. അല്ലെങ്കില്‍ നിങ്ങള്‍ക്കും കുടുംബത്തിനും ആയുഷ്‌കാലം മുഴുവന്‍ സുഭിക്ഷമായി കഴിയാന്‍ അത് മതിയായിരുന്നു'.
ഇത് കേട്ട് വേടന്‍ സങ്കടത്തിലായി. പ്രസവവേദന കിട്ടിയ സ്ത്രീയെ പോലെ അയാള്‍ നിലവിളിച്ചു. അപ്പോള്‍ പക്ഷി ഇടപെട്ടു: 'ഞാന്‍ പറഞ്ഞില്ലേ കഴിഞ്ഞതിനെ ചൊല്ലി ദുഃഖിക്കരുത് എന്ന്.
നിങ്ങള്‍ക്ക് ചെവി കേള്‍ക്കില്ലേ? അല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായില്ല എന്നുണ്ടോ? അസാധ്യമായത് ആരു പറഞ്ഞാലും വിശ്വസിക്കരുത് എന്നായിരുന്നു എന്റെ ഒന്നാമത്തെ ഉപദേശം. അതു നിങ്ങള്‍ മുഖവിലക്കെടുത്തില്ല. വെറും പത്തു ഗ്രാം തൂക്കമുള്ള എന്റെ വയറ്റില്‍ എങ്ങനെയാണ് നൂറു ഗ്രാം തൂക്കമുള്ള രത്‌നം ഉണ്ടാവുക!' വേടന്‍ ലജ്ജയോടെ കണ്ണുതുടച്ചു.
മൂന്നാമത്തെ ഉപദേശത്തിന് വേണ്ടി അയാള്‍ കെഞ്ചി. 'നാണമില്ലേ നിങ്ങള്‍ക്ക് മൂന്നാമത്തെ ഉപദേശം ചോദിക്കാന്‍? ഒന്നും രണ്ടും ഉപദേശങ്ങള്‍ നിങ്ങള്‍ ചെവിക്കൊണ്ടില്ല. അവ രണ്ടും പ്രയോജനപ്പെടുത്താത്ത നിങ്ങള്‍ക്ക് ഞാനെന്തിന് മൂന്നാമത്തെ ഉപദേശം നല്‍കി അത് പാഴാക്കണം?' പക്ഷി പറന്നകലാന്‍ ചിറകുവിരിച്ചു.
പോകുന്ന പോക്കില്‍ അവള്‍ വേടനു മൂന്നാമത്തെ ഉപദേശം നല്‍കി.
'വിഡ്ഢിയെ ഉപദേശിക്കരുത്. ഉപ്പു പാടത്ത് കൃഷിയിറക്കുന്നത് പോലെ വ്യര്‍ഥമായിരിക്കും അത്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."