വീണ്ടും ഇരുട്ടടി റെഡി: വെള്ളക്കരം കൂട്ടാന്‍ ജല അതോറിറ്റി
തിരുവനന്തപുരം: വീണ്ടും ഇരുട്ടടിക്ക് കാത്തിരുന്നോളൂ. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലേ, വെള്ളക്കരം കൂട്ടാനൊരുങ്ങി ജല അതോറിറ്റിയും.
കടബാധ്യത പെരുകിയതിനുപിന്നാലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിലെ നഷ്ടവും കുന്നുകൂടുമ്പോള്‍ വെള്ളക്കരം കൂട്ടിയില്ലെങ്കില്‍ ജലവകുപ്പ് തന്നെ പൂട്ടേണ്ടിവരുന്നിടത്താണ് കാര്യങ്ങളെന്ന് ജല അതിറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. വെള്ളക്കരം കൂട്ടണമെന്നാണ് യോഗത്തിന്റെ അഭിപ്രായമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ കൂടി ചര്‍ച്ച ചെയ്തശേഷം തീരുമാനം ഉണ്ടാകുമെന്നാണറിയുന്നത്.
ജല അതോറിറ്റി ഒരു കിലോലീറ്റര്‍ വെള്ളത്തിനു നാലു രൂപയാണ് ഈടാക്കുന്നത്. ലീറ്ററിന് 4 പൈസ. വൈദ്യുതി നിരക്ക് ഇനത്തില്‍ പ്രതിമാസം ശരാശരി 23 കോടിരൂപയാണ് അതോറിറ്റി കെഎസ്ഇബിക്ക് നല്‍കുന്നത്. വര്‍ഷം 281 കോടിയോളം രൂപ.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ ഈ തുക ഇനി കൂടും. 2014ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. 15 കിലോ ലിറ്ററില്‍ താഴെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് അന്ന് നിരക്ക് വര്‍ധന ബാധകമായിരുന്നില്ല.
15 കിലോ ലീറ്ററില്‍ താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളില്‍നിന്നും അതോറിറ്റി പണം ഈടാക്കുന്നില്ല. ഇതെല്ലാം പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി അതോറിറ്റി പറയുന്നു.
10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വകുപ്പ് മന്ത്രി എം. എം മണി ഇന്നലെയാണ് പറഞ്ഞത്. അതും ഏതാണ്ട് ഉറപ്പായതിനുശേഷമാണ് പുതിയ നടപടിയിലൂടെകൂടി ഉപഭോക്താക്കളെ വലയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
42.43 കോടിരൂപയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിമാസ വരുമാനം. ചെലവ് 102 കോടിക്ക് മുകളിലും. 330 കോടിരൂപയാണ് ശമ്പളത്തിനായി ഒരു വര്‍ഷം ചെലവാക്കുന്നത്. അപ്പോള്‍ പിന്നെ വിലവര്‍ധനയല്ലാതെ മറ്റു രക്ഷയില്ലെന്നുതന്നെയാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെ മറ്റൊരു ഇടിത്തീകൂടി പിന്നാലെ വരുന്നുണ്ടെന്നുറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."