സ്പീക്കറും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം: സഭ പ്രക്ഷുബ്ധമായി
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. കൃഷി വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയപ്പോഴാണ് സഭയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. തര്‍ക്കത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടതോടെ സഭ അല്പനേരം പ്രക്ഷുബ്ധമായി.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി വി.ഡി സതീശന് സംസാരിക്കുന്നതിനിടെയാണ് ബഹളത്തിന് തുടക്കം. ഹോര്‍ട്ടികോര്‍പ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിച്ചാണ് വില്‍ക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥില്‍ നിന്നാണ് പ്രധാനമായും പച്ചക്കറി വാങ്ങുന്നതെന്നുമുള്ള സതീശന്റെ പരാമര്‍ശം ഭരണപക്ഷത്തെ ചൊടിപ്പിച്ചു.
ഭരണപക്ഷ അംഗങ്ങള്‍ ബഹളംവച്ചപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു. അടിയന്തരപ്രമേയ നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒതുങ്ങിനിന്ന് സംസാരിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷത്ത് ബഹളം ശക്തമായി. ഇതില്‍ ക്ഷുഭിതനായ സതീശന് സ്പീക്കറുടെ ഇടപെടലാണ് പ്രശ്നങ്ങളുണ്ടണ്ടാക്കിയതെന്ന് ആരോപിച്ചു.
ഭരണപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറോട് കയര്‍ത്തു സംസാരിച്ചു. ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അതിന് ഉപോല്‍ബലകമായ കാര്യങ്ങള്‍ പറയേണ്ടണ്ടിവരുമെന്നും അത് സ്പീക്കര്‍ തന്നെ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറോട് കയര്‍ത്തു സംസാരിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായി വിമര്‍ശിച്ചു.
ഗീത എന്തെങ്കിലും ചെയ്തെങ്കില്‍ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും അവരുടെ അച്ഛനെ ഇതിലേക്കു വലിച്ചിഴയ്ക്കേണ്ടണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയില്‍ നിന്നല്ല പച്ചക്കറി സംഭരിക്കുന്നതെന്നും ഗീതാ ഗോപിനാഥിന്റെ അച്ഛന് കൂടി ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മയില്‍ നിന്നാണ് സംഭരിക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."