ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. സര്‍വിസിലിരിക്കേ ആത്മകഥ രചിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്.
അദ്ദേഹം രചിച്ച സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പരിശോധിച്ചപ്പോള്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമായ പരാമര്‍ശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥന് സര്‍വിസിലിരിക്കേ പുസ്തകം എഴുതാന്‍ തടസമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ജേക്കബ് തോമസ് പുസ്തകരചനക്ക് അനുമതിക്കായി അപേക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. പുസ്തകത്തിലെ ഉള്ളടക്കത്തില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല.
അതിനാല്‍ പുസ്തകത്തിലെ ഉള്ളടക്കത്തെപ്പറ്റി വിശദമായ പരിശോധന ആവശ്യമാണ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അവരുടെ റിപ്പോര്‍ട്ടിനനുസരിച്ച് നടപടി സ്വീകരിക്കണമെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍വിസിലിരിക്കെ ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."