സര്‍ക്കാര്‍ മരുന്ന് വില്‍ക്കുന്നത് കൊള്ളലാഭത്തിന്
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മരുന്ന് വില്‍പ്പന കൊള്ള ലാഭത്തിന്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷനാണ് (കെ.എം.സി.എല്‍) മരുന്നുകള്‍ കൊള്ളലാഭത്തിന് വില്‍ക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ മൗനാനു വാദവുമുണ്ട്.
സര്‍ക്കാരിന് പത്തും പതിനഞ്ചും ഇരട്ടി വിലക്ക് ലഭിക്കുന്ന മരുന്നുകളാണ് വന്‍കിട സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും എം.ആര്‍.പിയില്‍ വില്‍ക്കുന്നത്. മരുന്നുകവറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന എം.ആര്‍.പി പതിന്‍ മടങ്ങാണെന്നാണ് അധികൃതര്‍തന്നെ സമ്മതിക്കുന്നു. ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ് തെറ്റയില്‍ സര്‍ക്കാരിന് നല്‍കിയ വിവരാവകാശത്തിന് മറുപടിയായാണ് കെ.എം.സി.എല്‍ മരുന്നുകൊള്ളയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇക്കാര്യം അറിയാമോ എന്ന ചോദ്യത്തിന് സര്‍ക്കാരിന് അറിയാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. ചെറിയ വിലക്കാണ് സര്‍ക്കാരിന് മരുന്നുകള്‍ ലഭിക്കുന്നത്. ഇത് വില്‍പന നടത്തുന്നതാകട്ടെ എം.ആര്‍.പി വിലയിലും.
സാധാരണക്കാരന് ലഭിക്കുന്ന മരുന്നുകള്‍ക്കാണ് പത്തിരട്ടി എം.ആര്‍.പി വില വാങ്ങി മരുന്നുകള്‍ ആശുപത്രികളിലും വിപണിയിലും വില്‍ക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ക്കും, കാന്‍സറിനുള്ള മരുന്നുകള്‍ക്കുമാണ് ഇത്തരത്തില്‍ ഭീമമായി തുക എം.ആര്‍.പി പ്രിന്റ് ചെയ്ത് വില്‍പന നടത്തിവരുന്നത്. കൊളേസോമൈന്‍ ഇന്‍ജക്ഷന്‍ മരുന്ന് സര്‍ക്കാരിന് ലഭിക്കുന്നത് 18 രൂപയ്ക്കാണ്. അത് മെഡിക്കല്‍ സ്റ്റോറുകളിലും വന്‍കിട ആശുപത്രികളിലും വില്‍പന നടത്തുന്നത് എം.ആര്‍.പിയായിട്ടുള്ള 60 രൂപയ്ക്കാണ്. 189 രൂപയ്ക്ക് ലഭിക്കുന്ന മറ്റൊരു മരുന്ന് 600 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ഉല്‍പാദകരാണ് ഇവ പ്രിന്റ് ചെയ്യുന്നതെങ്കിലും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഇവയുടെ വില്‍പന.
കാന്‍സറിനുള്ള അമീഫോസ്റ്റിന്‍ ഇന്‍ജക്ഷന്‍ 430 രൂപയുടെ മരുന്നിന് 4255 രൂപയാണ് എം.ആര്‍.പി പ്രിന്റ് ചെയ്തു വില്‍പന നടത്തിവരുന്നത്. 575 രൂപയുടെ പാസിലിടാക്‌സില്‍ ഇന്‍ജക്ഷന്‍ മരുന്നിന് 5500 രൂപ,1226 രൂപയുടെ മരുന്നിന് 10850 രൂപ, 239 രൂപയുടെ ഇന്‍ജക്ഷന് 2100, 150രൂപയുടെ ഇന്‍ജക്ഷന്‍ മരുന്നുകള്‍ക്ക് 398, 149 രൂപയുടെ 700, 220രൂപയുടെ മരുന്നിന് 1500 രൂപ എന്നിങ്ങനെയാണ് എം.ആര്‍.പി പ്രിന്റ് ചെയ്തുവില്‍പന നടത്തുന്നതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."