സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ വിദ്യാര്‍ഥികളില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകള്‍ വിദ്യാര്‍ഥികളെ കിട്ടാതെ വലയുന്നു. മൂന്നാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ സ്വാശ്രയ കോളജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 24,468 സീറ്റുകളില്‍ 10,150 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ പ്രവേശനം നടന്നത്.
പതിനാലോളം കോളേജുകളില്‍ ഇരുപത്തിയഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 114 സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ 85 എണ്ണത്തില്‍ പകുതി സീറ്റിലെങ്കിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലഭ്യമായ കണക്കനുസരിച്ച് പാലക്കാട് മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 165 സീറ്റില്‍ 20ഉം തൃശൂര്‍ ആക്‌സിസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ 378 സീറ്റില്‍ 20ഉം കൂത്താട്ടുകുളം ബസേലിയസ് തോമസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ 165ല്‍ 16ഉം കുഴൂര്‍ ക്രൈസ്റ്റ് നോളജ്‌സിറ്റിയില്‍ 99ല്‍ 14ഉം മൂവാറ്റുപുഴ ഹോളികിങ്‌സ് കോളജില്‍ 231ല്‍ 25ഉം മൂവാറ്റുപുഴ ഇലാഹിയ സ്‌കൂള്‍ ഓഫ് സയന്‍സില്‍ 165ല്‍ 13ഉം പെരുമ്പാവൂര്‍ ജയ്ഭാരത് കോളജ് ഓഫ് മാനേജ്‌മെന്റില്‍ 198ല്‍ 23ഉം തുറവൂര്‍ കെ.ആര്‍ ഗൗരിയമ്മ കോളജ് ഓഫ് എന്‍ജിനിയറിങില്‍ 166ല്‍ 15ഉം കോട്ടയം പള്ളിക്കത്തോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 231ല്‍ 20ഉം തിരുവല്ലം എം.ജി കോളജ് ഓഫ് എന്‍ജിനിയറിങില്‍ 99ല്‍ 11ഉം പരവൂര്‍ മാതാ കോളജ് ഓഫ് എന്‍ജിനിയറിങില്‍ 198ല്‍ 19ഉം വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷന്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ 165ല്‍ 20ഉം കൊല്ലം ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനിയറിങ് കോളജില്‍ 198ല്‍ 17ഉം കൊല്ലം കണ്ണനല്ലൂര്‍ യൂനുസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 132ല്‍ 25ഉം സീറ്റുകളിലാണ് ഇതുവരെ പ്രവേശനം നടന്നത്.
അതേസമയം സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളജുകളില്‍ മുന്‍വര്‍ഷത്തെ വിജയശതമാനം തൃപ്തികരമല്ലാത്തതാണ് പുതിയതായി വിദ്യാര്‍ഥികള്‍ പ്രവേശിക്കാന്‍ മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വാശ്രയ എന്‍ജിനിയറിങ് കോളജിലെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നാല്, അഞ്ച്, ആറ് സെമസ്റ്ററുകളില്‍ യഥാസമയം 30,35,40 ശതമാനം വിജയം ഉണ്ടായിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ നിബന്ധന പാലിക്കാത്ത സ്വാശ്രയ കോളജുകളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തില്‍ കോളജുകള്‍ക്കെതിരേ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സ്ഥിരംസംവിധാനം സര്‍ക്കാര്‍ മേഖലയില്‍ നിലവിലില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. കഴിഞ്ഞവര്‍ഷം മുതല്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ നിലവാരം വിലയിരുത്തുന്നതിനായി അക്കാദമിക് ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊഫ.എന്‍.വിജയകുമാര്‍ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളജുകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. മിക്ക കോളജുകളിലും കോഴ്‌സുകള്‍ക്ക് ആവശ്യമായ അധ്യാപകരില്ലെന്നും വിമര്‍ശനമുണ്ട്.
ഇക്കൊല്ലത്തെ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രിയുമായി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവരും പ്ലസ് ടു വിജയിച്ചവരുമായ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാത്ത സംസ്ഥാനത്തെ കുട്ടികള്‍ക്ക് തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍ പ്രവേശനം നല്‍കുന്നുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് അസോസിയേഷന്‍ നിലപാട് എടുത്തത്. എന്നാല്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളുടെ നിലവാരതകര്‍ച്ചയും വര്‍ധിച്ചുവരുന്ന ഡൊണേഷനും ഫീസുമാണ് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്നതെന്നാണ് പൊതുവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."