നിലമ്പൂരിലെ മദ്യഷാപ്പുകള്‍ തുറന്നത് പൊതുമരാമത്ത് എ.ഇയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച്
നിലമ്പൂര്‍: നിലമ്പൂരില്‍ ബീവറേജസ് ഉള്‍പ്പെടെ നാലു മദ്യഷാപ്പുകള്‍ തുറന്നത് പി.ഡബ്ല്യൂ.ഡി എ.ഇയുടെ ഉത്തരവ് അട്ടിമറിച്ചാണെന്ന് സംശയം. താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിലമ്പൂര്‍ പാത സംസ്ഥാന പാതയില്‍പ്പെട്ടതാണെന്നായിരുന്നുവെന്നാണ് എ.ഇയുടെ മറുപടി. നിലമ്പൂര്‍ കെ.എന്‍.ജി റോഡ് വടപുറം മുതല്‍ കരിമ്പുഴ വരെയുള്ള ഭാഗം സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ടതാണെന്നാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉസ്മാന്‍ അറിയിച്ചത്.
എഇയുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂരില്‍ ബീവറേജ് ഔട്ട്‌ലെറ്റും മൂന്ന് സ്വകാര്യ ബാറുകളുമാണ് തുറന്നു പ്രവര്‍ത്തിച്ചുവരുന്നത്. സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് സംസ്ഥാന പാതയിലും ദേശീയ പാതയിലുമുള്ള 500 മീറ്റര്‍ ദൂരപരിധിയിലെ മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. മദ്യശാലകള്‍ വീണ്ടും തുറക്കുന്നതിനായി പലസംസ്ഥാന പാതകളും ജില്ലാ പാതകളാക്കി മാറ്റിയിരുന്നു.
നിലമ്പൂരിലൂടെ കടന്നുപോകുന്ന കെ.എന്‍.ജി റോഡ് സംസ്ഥാന പാതയല്ലെന്ന വാദമുയര്‍ത്തിയാണ് മദ്യശാലകള്‍ തുറന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് എ.ഇയുടെ മറുപടി. പൊങ്ങല്ലൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഭാഗം സംസ്ഥാന പാതയും, വെളിയംതോട് മുതല്‍ നായാടംപൊയില്‍ വരെയുള്ള റോഡ് ജില്ലാ മേജര്‍ റോഡ് ആയിട്ടാണ് താന്‍ എക്‌സൈസ് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
നിലമ്പൂര്‍ നഗരസഭ പരിധിയില്‍ കൂടി കടന്നുപോകുന്ന കെ.എന്‍.ജി റോഡിന്റെ ഭാഗം ജില്ലാ റോഡ് എന്ന് കാണിച്ച് വിവരാവകാശപ്രകാരം എ.ഇ മറുപടി നല്‍കിയിരുന്നു. വെളിയംതോട്-നായാടംപൊയില്‍ എന്ന രേഖയിലില്ലാത്തതിനാലും വെളിയംതോട് നിന്നും മൈലാടിപ്പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം നിലമ്പൂര്‍ നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ടതിനാലുമാണ് നിലമ്പൂര്‍-നായാടംപൊയില്‍ ജില്ലാ മേജര്‍ റോഡെന്ന് റിപോര്‍ട്ട് നല്‍കിയത്.
ഇത് തെറ്റായി വ്യാഖ്യാനിച്ചാണ് പുതിയ ആരോപണമെന്നും എഇ പറഞ്ഞു. സൂപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂരില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടി പൊതുമാരാമത്ത് എ.ഇ നല്‍കിയ അനുകൂല റിപ്പോര്‍ട്ട് പിഡബ്ല്യൂഡിക്ക് തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ് എഇയുടെ വിശദീകരണം. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ സംസ്ഥാന പാത ജില്ലാ പാതയാക്കി വെട്ടി ചുരുക്കുന്നതിന് വേണ്ടി വടപുറം മുതല്‍ വെളിയംതോട് വരെയുള്ള ഭാഗം ജില്ലാ റോഡായി മാറിയതോടെ പരപ്പനങ്ങാടി-നിലമ്പൂര്‍-നാടുകാണി റോഡിന്റെ ഈ ഭാഗത്തെ നിര്‍മാണ പ്രവൃത്തികളും പ്രതിസന്ധിയിലായിരിക്കുകയാണ.
കൂടാതെ ബൈപാസ് റോഡിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് സംസ്ഥന പാത ജില്ലാ പാതയാക്കി മാറ്റിയത്. മദ്യശാലകള്‍ തുറക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ഈ സംസ്ഥാന പാതയുടെ നാലുകിലോമീറ്ററോളം ജില്ലാ പാതയാക്കി മാറ്റിയിത്. നഗരസഭയില്‍ എ.ഇയുടെ റിപ്പോര്‍ട്ടിന് എതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.
അതേസമയം റിപ്പോര്‍ട്ട് തെറ്റായി വ്യാഖാനിച്ചതിനു പിന്നില്‍ എക്‌സൈസ് വകുപ്പിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മദ്യഷാപ്പുകള്‍ ഏതുവിധേനയെങ്കിലും തുറക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മന:പൂര്‍വം റിപോര്‍ട്ട് മറിച്ചതാണെന്നും ആക്ഷേപമുണ്ട്. എക്‌സൈസ് ജില്ലാ കമ്മിഷണറുടെ ഓഫിസില്‍ നിന്നും ലഭിച്ച ഉത്തരവ് പ്രകാരമാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന നിലപാടിലാണ് നിലമ്പൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍. അതേസമയം എഇയുടെ പുതിയ വെളിപ്പെടുത്തല്‍ എക്‌സൈസ് വകുപ്പിന് തലവേദനയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."