കാലവര്‍ഷം കടം വീട്ടുമോ...?
വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു
കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചിട്ടും ശക്തിപ്രാപിക്കാതെ മലയാളികളെ ആധിയിലാക്കിയ മണ്‍സൂണ്‍ കടം വീട്ടിത്തുടങ്ങി. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മാത്രമാണ് കാര്യമായ മഴ ലഭിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി ഇടവിട്ടാണെങ്കിലും മലബാറില്‍ ലഭിക്കുന്ന മഴ പ്രതീക്ഷ നല്‍കുകയാണ്. കാലവര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ ശരാശരി മഴയ്ക്ക് മുകളില്‍ ലഭിച്ചത് ആകെ ആറ് ദിവസം മാത്രമാണ്. 18 ദിവസത്തിനു ശേഷം ആദ്യമായി ശരാശരിക്ക് മുകളില്‍ ചൊവ്വാഴ്ച മഴ ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് 81.4 മില്ലീമീറ്റര്‍ , മഞ്ചേരി 76, ഹൊസ്ദുര്‍ഗ് 71.2 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് ഇന്നലെ രാവിലെ എട്ടരവരെയുള്ള അധികൃതരുടെ മഴക്കണക്ക്.
ഇതോടെ മണ്‍സൂണ്‍ മഴക്കുറവ് 48ശതമാനത്തില്‍ നിന്നും 43 ആയി കുറഞ്ഞു. അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും മറ്റിടങ്ങളില്‍ മിതമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് (ഐ.എം.ഡി) പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടകയുടെ ചില ഭാഗങ്ങളിലും മഴയുണ്ടായി. സുള്ള്യ, പുത്തൂര്‍, കടബ താലൂക്കുകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മഴ പുഴകളെ ജലസമൃദ്ധമാക്കിയിട്ടുണ്ട്.
മലബാറില്‍ കഴിഞ്ഞ രണ്ടു ദിവസമായുള്ള മഴ മധ്യ, തെക്കന്‍ ജില്ലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ണാടക മുതല്‍ വടക്കന്‍ കേരളം വരെ തുടര്‍ന്ന ന്യൂനമര്‍ദ പാത്തി ( ട്രഫ്) കൊല്ലം തീരം വരെ നീളുന്നതാണ് മഴയെ മധ്യ കേരളത്തിലേക്ക് വ്യാപിപ്പിക്കുക. സമുദ്രനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെയാണ് ന്യൂനമര്‍ദ പാത്തി രൂപം കൊണ്ടത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതിയില്‍ കാറ്റ് വീശാനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അറബിക്കടലില്‍ നേരത്തെ രൂപപ്പെട്ട വായു ചുഴലിക്കാറ്റാണ് മഴ ദക്ഷിണേന്ത്യയില്‍ നിന്ന് പോകാന്‍ കാരണം. ജൂണ്‍ എട്ടിന് ശേഷമാണ് മണ്‍സൂണ്‍ കേരളത്തില്‍ എത്തിയത്. എന്നാല്‍ അത് ദുര്‍ബലമാവുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്.
സാധാരണ നന്നായി മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും ഇത്തവണ മഴ കുറഞ്ഞു. ഇടുക്കിയിലെ ഡാമുകളിലെ ജലലഭ്യത കുറയുന്നത് സംസ്ഥാനത്തെ കനത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് എത്തിക്കുക. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം വയനാട്ടിലെ വൈത്തിരിയില്‍ 55 മില്ലീമീറ്റര്‍ മഴയും മാനന്തവാടിയില്‍ 28 മില്ലീമീറ്ററുമാണ് ലഭിച്ചത്. ഇടുക്കിയില്‍ 4.2 മില്ലിമീറ്റര്‍ മഴയെ ലഭിച്ചുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."