രുചി പകരാന്‍ ഭക്ഷ്യമേളയും; കുടുംബശ്രീ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളക്കു തുടക്കമായി
ആലപ്പുഴ : കുടുംബശ്രീ പത്തൊമ്പതാമത് സംസ്ഥാന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഘാടകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയ്ക്ക് ടൗണ്‍ ഹാളില്‍ തുടക്കമായി. 14 ജില്ലകളില്‍ നിന്നായി എഴുപതോളം യൂണിറ്റുകളും സംരംഭകരുമാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തിയത്.
എല്ലാ ജില്ലകളില്‍ നിന്നുമുള്ള സംരംഭകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുമായി മേളയ്‌ക്കെത്തിയിട്ടുണ്ട്. തനിമയും കേരളീയതയും പരിശുദ്ധിയും മുഖമുദ്രയാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് വിപണനമേളയില്‍ ഒരുക്കിയിട്ടുള്ളത്.കുടുംബശ്രീ ഉല്‍പന്നങ്ങളുടെ മേന്‍മയും വിശ്വാസ്യതയും കേട്ടറിഞ്ഞ നിരവധി പേര്‍ ഇന്നലെ മേളയിലെത്തി. തിരുവനന്തപുരം ജില്ലയിലെ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിന്റെ ബ്രഹ്മി ഉല്‍പന്നങ്ങള്‍ മേളയുടെ ആകര്‍ഷണമാണ്. ആയര്‍വേദ ഫേസ് പാക്ക്, ഹെയര്‍ ഓയില്‍, ദാഹശമനി എന്നിവയാണ് ഐശ്വര്യയുടെ പ്രധാന ഉല്‍പന്നങ്ങള്‍.
വിവിധ ജില്ലകളില്‍ നിന്നുള്ള ജൈവഉല്‍പന്നങ്ങള്‍, മുള, പായല്‍ എന്നിവ കൊണ്ടു തയ്യാറാക്കിയ വിവിധ ഉല്‍പന്നങ്ങള്‍, വൈക്കോല്‍ ചിത്രങ്ങള്‍, ജൈവഅരിയും അതില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും, പ്രകൃതി സൗഹൃദ ബാഗുകള്‍, കരകൗശല വസ്തുക്കള്‍, ആറന്‍മുളക്കണ്ണാടി, ചക്ക ഉല്‍പന്നങ്ങള്‍, തഴ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, അമൃതം ന്യൂട്രിമിക്‌സ് കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിവിധ തരം ചിപ്‌സുകള്‍, കുടംപുളി, വാളന്‍പുളി, പനമ്പുകൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എന്നിവയും മേളയിലുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നുമാത്രം 25 സംരംഭക യൂണിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. വെളിച്ചെണ്ണ, ഉണക്കമത്സ്യം, കറിപൗഡറുകള്‍, തേന്‍, കയര്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ജില്ലയില്‍ നിന്നുള്ള സംരംഭകരുടെ പ്രധാന ഐറ്റങ്ങള്‍.
വിപണനമേളയ്‌ക്കൊപ്പം തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രുചികളുടെ വ്യത്യസ്ത രുചിക്കൂട്ടുകള്‍ വിളമ്പാന്‍ കഫേ കുടുംബശ്രീയുടെ 'ഭക്ഷ്യമേളയുമുണ്ട്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളാണ് ഭക്ഷ്യമേളയില്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളൊരുക്കുന്നത്.വിപണനമേളയോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമിയുടെ പാട്ടോര്‍മ്മയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."