തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതയ്ക്ക് ദുരിതം
മൂത്രത്തില്‍ നനഞ്ഞ് മൂന്നു ദിവസം കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി. പനി കൂടി എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞു മൂന്നു ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ലക്ഷ്മിയുടെ പരാതി.
ആരോഗ്യാവസ്ഥ മോശമായിട്ടും പരിചരണം കിട്ടിയില്ലെന്നും യുവതി ആരോപിക്കുന്നു. കൊവിഡ് ബാധിതയായ തനിക്ക് പനിയും ശ്വാസംമുട്ടുമുണ്ടായിരുന്നു. മോശം ആരോഗ്യാവസ്ഥയായിരുന്നു. ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്മിക്ക് കുത്തിവയ്പ്പ് നടത്തിയതോടെ ശരീരവേദനയും ക്ഷീണവും കൂടി. ചില മരുന്നുകളോട് അലര്‍ജിയുണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷേ അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്പ്പ് തുടര്‍ന്നെന്നും ഇത് ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നും യുവതി പറയുന്നു. കഴിഞ്ഞ മാസം 26നാണ് കൊവിഡ് പൊസിറ്റീവായ ലക്ഷ്മിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവായെങ്കിലും തനിക്ക് ആരോഗ്യം തീരെയില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയായി. കിടക്കയില്‍ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തില്‍ ന നഞ്ഞിട്ടും നഴ്‌സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്മി ആരോപിക്കുന്നു. പുറത്തിറങ്ങി വിദഗ്ധ ചികിത്സ തേടുന്നതിനൊപ്പം ആരോഗ്യ മന്ത്രിക്ക് പരാതിയ നല്‍കാനുമൊരുങ്ങുകയാണ് ലക്ഷ്മി.
എന്നാല്‍ ന്യൂമോണിയ ഭേദമാകാനുള്ള ആന്റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നല്‍കിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡല്‍ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."