മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കല്‍, പന്ത് ഇനി നഗരസഭയുടെ കോര്‍ട്ടില്‍
സുനി അല്‍ഹാദി
കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന് എതിരായി സമര്‍പിച്ച പുനഃപരിശോധനാ ഹരജിയും സുപ്രിംകോടതി തള്ളിയ സാഹചര്യത്തില്‍ പന്ത് ഇനി മരട് നഗരസഭയുടെ കോര്‍ട്ടില്‍. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുകളഞ്ഞ്, റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെയ് എട്ടിലെ വിധിയില്‍ സുപ്രിം കോടതി നഗരസഭയോടാണ് നിര്‍ദേശിച്ചത്. അതിനാല്‍തന്നെ, പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ നഗരസഭ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും.
അതേസമയം, ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച് നഗരസഭക്കും വ്യക്തതയില്ല. പ്രധാനമായും അഞ്ഞൂറോളം ഫ്‌ളാറ്റുകള്‍ ഉള്ള അഞ്ച് ബഹുനില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചെലവാണ് നഗരസഭയെ കുഴക്കുന്നത്. ചുരുങ്ങിയത് 30 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കിയിരുന്നത്. ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്നതാണ് പ്രധാന പ്രശ്‌നം.
പൊളിച്ചുനീക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എവിടെ കൊണ്ടുപോയി തള്ളുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ട്. സുപ്രിംകോടതി വിധി വന്നയുടന്‍തന്നെ നഗരസഭ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിച്ചതിനെ തുടര്‍ന്ന്, കെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അവിടെ നിന്നുള്ള സംഘം കഴിഞ്ഞദിവസം വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ സമുച്ചയങ്ങളിലെ താമസക്കാരുടെ പ്രശ്‌നവും നഗരസഭയെ അലട്ടുന്നുണ്ട്. ബില്‍ഡര്‍മാര്‍ ചേര്‍ന്ന് ഇവര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ സുപ്രഭാതത്തോട് പറഞ്ഞു. കോടതി വിധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് കിട്ടിയാലുടന്‍ അഭിഭാഷകനുമായി ആലോചിച്ച് നടപടിയിലേക്ക് നീങ്ങും. എന്നാല്‍ പൊളിച്ചുനീക്കാനുള്ള സാമ്പത്തിക ശേഷി നഗരസഭയ്ക്കില്ല. സാമ്പത്തിക സഹായത്തിനായി സര്‍ക്കാരിന്റെ സഹായം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹരജി, ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ സ്റ്റേഹരജി എന്നിവയിലെ കോടതി തീരുമാനത്തിന് കാക്കുകയായിരുന്നു നഗരസഭ ഇതുവരെ. ഈ ഹരജികളിലെ തീരുമാനങ്ങളും എതിരായതോടെ ഇനി നടപടിയിലേക്ക് നീങ്ങുകയല്ലാതെ വഴിയില്ല എന്ന അവസ്ഥയില്‍ നഗരസഭയും എത്തിയിരിക്കുകയാണ്.
2006ല്‍, നഗരസഭായാകുന്നതിന് മുമ്പ്, മരട് പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയാണ് തീരസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് അഞ്ച് വന്‍കിട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ഇതിനെതിരേ തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ്, ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ് എട്ടിന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്‌ളാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് മെയ് 22ന് തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."