ഡി.ഐ.ജിയെ 'ഊതിച്ച' പൊലിസുകാര്‍ക്ക് പാരിതോഷികം
തിരുവനന്തപുരം: അര്‍ധരാത്രി നഗരത്തിലൂടെ ഒറ്റയ്ക്കു കാറോടിച്ചുപോയ ഡി.ഐ.ജിയെ തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച പൊലിസുകാര്‍ക്കു 'പണി'കിട്ടിയില്ല, പകരം പാരിതോഷികം ലഭിച്ചു. ഡി.ഐ.ജി തന്നെയാണ് പൊലിസുകാര്‍ക്കു 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ജോലിയിലെ ആത്മാര്‍ഥതയ്ക്കു പാരിതോഷികം ലഭിച്ചത്. കഴിഞ്ഞ മാസം 26നാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്തു പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലിസ് സംഘം. 12.15നാണ് ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫിന്‍ അഹമ്മദിന്റെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പൊലിസുകാര്‍ ഉള്‍വശം പരിശോധിച്ച ശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു. മുന്നില്‍ നില്‍ക്കുന്നതു ഡി.ഐ.ജിയാണെന്നു പൊലിസുകാര്‍ മനസിലാക്കിയിരുന്നില്ല. പരിശോധനയ്ക്കു ശേഷം വാഹനം വിട്ടയക്കുകയും ചെയ്തു.
അര്‍ധരാത്രിയിലും ജോലിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്നു ഡി.ഐ.ജി ഷെഫിന്‍ അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി ചെയ്തതിനാലാണ് പൊലിസുകാര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."