കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം; നടപടിയെടുക്കാതെ അധികൃതര്‍
കുട്ടനാട്: കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം വീണ്ടു രൂക്ഷമായി. നെടുമുടി, കൈനകരി, ചെമ്പക്കുളം, രാമങ്കരി ,കാവാലം, പുളിങ്കുന്ന്, മുട്ടാര്‍, നീലംപേരൂര്‍ തുടങ്ങി 13 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. കുടിവെള്ള ദൗര്‍ലഭ്യം കനത്തതോടെ നാട്ടുകാര്‍ നിലവില്‍ പണം നല്‍കിയാണ് കുടിവെള്ളം വാങ്ങുന്നത്.
കുട്ടനാട്ടിലെ കൂലിവേലക്കാര്‍ വരുമാനത്തിന്റെ പകുതിയും കുടിവെള്ളം വാങ്ങാന്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ്. ജലവിതരണത്തിന് സിന്റക്‌സ് ടാങ്കുകള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കുമെന്ന് അറിയിച്ചെങ്കിലും പദ്ധതിനടപ്പിലായിട്ടില്ല.ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിനു പകരം തകരാറിലായ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
33 കെട്ടുവള്ളങ്ങളിലായി കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഉടനടി വെള്ളമെത്തിക്കുന്ന പദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് പറയുന്നത്.എന്നാല്‍ ഇതും മുന്‍പത്തെ പോലെ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ മുടങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു.
കുടിവെള്ളം താല്‍ക്കാലികമായി എത്തിക്കാന്‍ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന പണത്തിന്റെ പകുതി ഉപയോഗിച്ച് തകരാറിലായ പൈപ്പ് ലൈനുകള്‍ നന്നാക്കിയാല്‍ കുടിവെള്ള ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
ഒട്ടുമിക്ക പ്രദേശത്തും ആറ്റിലെ അഴുക്കു വെള്ളം ഗത്യന്തരമില്ലാത്തതിനാല്‍ തിളപ്പിച്ച് ഉപയോഗിക്കുകയാണ്.
ശുദ്ധമായ കുടിവെള്ളം വേണ്ടവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്. കനത്ത ചൂടിനിടയില്‍ നാട്ടുകാര്‍ക്ക് ചെറിയ ആശ്വാസമായിരുന്ന ആര്‍ഒ പ്ലാന്റുകളില്‍ ചിലത് പ്രവര്‍ത്തനരഹിതമായതും നാട്ടുകാരെ വെട്ടിലാക്കുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."