ആദിവാസികള്‍ ശേഖരിച്ച മണല്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് നടപടി നാട്ടുകാര്‍ തടഞ്ഞു
മാനന്തവാടി: തോടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ വീട് നിര്‍മാണാവശ്യാര്‍ഥം ശേഖരിച്ച ആദിവാസികളില്‍ നിന്നും ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
തരുവണ കൂവണക്കുന്ന് എസ്.സി കോളനിയോട് ചേര്‍ന്ന വയലില്‍ നിന്നും ശേഖരിച്ച മണലാണ് ഇന്നലെ വൈകുന്നേരത്തോടെ പൊരുന്നന്നൂര്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ നിര്‍മിതി കേന്ദ്രയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കാലവര്‍ഷത്തില്‍ വയലുകളില്‍ അടിഞ്ഞു കൂടിയ മണലാണ് കോളനിയിലെ കുടുംബങ്ങള്‍ ചേര്‍ന്ന് ശേഖരിച്ചത്.
ഇന്നലെ രാവിലെ പ്രദേശത്തെത്തിയ ജില്ലാ ധനകാര്യ വിഭാഗം മണല്‍ കൂട്ടിയിട്ടത് കണ്ട പ്രകാരം റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ റവന്യു വകുപ്പ് ടിപ്പറും ജെസിബിയുമായെത്തി മണല്‍ മാറ്റാനുള്ള നീക്കത്തിനിടെയാണ് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ ഷൈജുവുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാന പ്രകാരം വീട് നിര്‍മാണാവശ്യാര്‍ഥം ശേഖരിച്ച മണല്‍ വിട്ടു നല്‍കാനും ബാക്കി വരുന്ന മണല്‍ കണ്ടുക്കെട്ടാനും തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."