സൂപ്പര്‍ താരത്തെ ചുറ്റിച്ച് നികുതി വെട്ടിപ്പിന്റെ നൂലാമാലകള്‍
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിന്റെ നൂലാമാലകള്‍ ഒരിക്കല്‍ കൂടി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് തലവേദനയായി മാറുന്നു. ബാഴ്‌സലോണ കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയ താരത്തിനും പിതാവിനും മേല്‍ക്കോടതി വിധി തിരിച്ചടിയാണ്. 2007- 2009 കാലഘട്ടത്തില്‍ മെസ്സിയും പിതാവ് ജോര്‍ജ് ഹൊരാസിയോ മെസ്സിയും 41 ലക്ഷം യൂറോ(ഏതാണ്ട് 30 കോടിയോളം) രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്പാനിഷ് നികുതി വകുപ്പ് അധികൃതരാണ് ഇരുവര്‍ക്കുമെതിരേ നിയമ നടപടികള്‍ ആരംഭിച്ചത്. 2016 ജൂലൈയില്‍ കേസില്‍ വിധി പറഞ്ഞ ബാഴ്‌സലോണ കോടതി ഇരുവര്‍ക്കും 21 മാസത്തെ തടവും പിഴയും ശിക്ഷയായി വിധിച്ചു. ഇതിനെതിരേ അപ്പീലുമായി മേല്‍ക്കോടതിയിലെത്തിയ ഇരുവര്‍ക്കും അവിടെയും തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. പിഴ ശിക്ഷ എന്തായാലും ഒടുക്കേണ്ടി വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം താരത്തിന് ആശ്വാസമായി നില്‍ക്കുന്നത് സ്‌പെയിനിലെ തടവ് ശിക്ഷയിലെ ഇളവാണ്. ക്രിമിനല്‍ കുറ്റമല്ലാത്ത രണ്ട് വര്‍ഷത്തില്‍ താഴെയുള്ള തടവ് ശിക്ഷകള്‍ അനുഭവിക്കേണ്ടതില്ലെന്ന നിയമം താരത്തിന് തുണയാകുമെന്നാണ് ഇപ്പോഴുള്ള നിരീക്ഷണങ്ങള്‍.
കോടിക്കണക്കിന് രൂപ വാര്‍ഷിക വരുമാനം ഉള്ള വ്യക്തി നികുതിയടക്കണമെന്ന കാര്യം അറിയില്ല എന്നു പറയുന്നത് യുക്തിക്ക് നിരക്കാത്ത വാദമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം പ്രതിച്ഛായ ഉപയോഗിച്ച് ബെലിസ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉറുഗ്വെ എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നു മെസ്സിയും പിതാവും സമ്പാദിച്ച വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നികുതി അധികൃതരില്‍ നിന്നു മറച്ചുവച്ചു എന്നാണ് പ്രധാന ആരോപണം. തെറ്റായ രേഖകള്‍ ഹാജരാക്കി മൂന്ന് തവണ മെസ്സിയും പിതാവും നികുതി വെട്ടിപ്പ് നടത്തിയെന്നും അധികൃതര്‍ ആരോപിച്ചിരുന്നു. ഡാനോണ്‍, അഡിഡാസ്, പെപ്‌സി- കോള, പ്രൊക്ടര്‍- ഗാംബിള്‍, കുവൈത്ത് ഫുഡ് തുടങ്ങിയ വന്‍കിട കമ്പനികളുമായി താരത്തിന് പരസ്യ കരാറുകള്‍ നിലവിലുണ്ട്. ഇവരുമായുള്ള കാരറുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിന്റെ വിവരങ്ങള്‍ പുറത്തുവന്ന സമയത്ത് മെസ്സിയും പിതാവും 44 കോടിയോളം രൂപ നികുതിയിനത്തില്‍ അടച്ചിരുന്നു.
നേരത്തെ ബാഴ്‌സലോണ കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ മെസ്സി ഹാജരായിരുന്നു. താന്‍ നിരപരാധിയാണെന്നും അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടല്ലെന്നുമുള്ള നിലപാടാണ് കോടതിയില്‍ അന്ന് മെസ്സി സ്വീകരിച്ചത്. ഫുട്‌ബോള്‍ കളിക്കാരനായ തനിക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനേയും അഭിഭാഷകനേയും വിശ്വസിക്കുകയായിരുന്നുവെന്നും മെസ്സി വാദിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ജൂലൈയില്‍ ബാഴ്‌സലോണ കോടതി ശിക്ഷ വിധിച്ചത്.
മെസ്സിയെ കൂടാതെ ബാഴ്‌സയിലെ ബ്രസീല്‍ താരം നെയ്മര്‍ക്കും അര്‍ജന്റീന താരം ഹാവിയര്‍ മഷെറാനോക്കെതിരെയും സ്‌പെയിനില്‍ നികുതി വെട്ടിപ്പ് കേസുകളുണ്ട്. ജനുവരിയില്‍ നികുതി വെട്ടിപ്പ് കേസില്‍ മഷെറാനോയ്ക്ക് കോടതി ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."