ജയിലുകളിലെ കുറ്റവാളികളുടെ ഫോണ്‍വിളി: ഉറവിടം അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: ജയിലുകളിലെ പ്രതികള്‍ നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഇവര്‍ ആരെയൊക്കെ വിളിച്ചു, ഉപയോഗിച്ച സിംകാര്‍ഡുകള്‍ ആരുടേതാണ്. സിം എങ്ങനെ ഇവര്‍ക്കു ലഭിച്ചു തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക.
ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്നും ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്. ടി.പി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തുനല്‍കിയത്.
പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, പ്രമാദമായ കേസുകളിലുള്ള ആരെങ്കിലും ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടുണ്ടോ, ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തകയും ക്വട്ടേഷന്‍ എടുക്കുകയും ചെയ്‌തെന്ന വാര്‍ത്ത ശരിയാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ഡിജിപിക്ക് ഋഷിരാജ് സിംഗ് അയച്ച കത്തിലെ ആവശ്യം.
ഇതു പരിഗണിച്ചാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."