പാണ്ട്യാലക്കടവ് കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ മേഖലയായ പാണ്ട്യാലക്കടവ് കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പടെ ആറുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. മെട്ടമ്മല്‍ രാഹുല്‍ (24), ദിലീപ് (30), ശരത് (22), മുകുന്ദന് (45), കെ.വി മധു (40), കെ.വി രാജേഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പാണ്ട്യാലക്കടവ് പ്രദേശത്ത് ടൂറിസവും വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള വന്‍കിട റിസോര്‍ട്ട് ഉടമ പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയതാണ് ഇവിടെ നാട്ടുകാര്‍ക്കിടയില്‍ ചേരിതിരിവും സംഘര്‍ഷവും ഉടലെടുക്കാന്‍ കാരണമായത്.
റിസോര്‍ട്ട് ഉടമയെ അനുകൂലിക്കുന്നവരും ടൂറിസത്തിനുനിരവധി സാധ്യതകളുമുള്ള ഈ മേഖലയില്‍ ഭൂമാഫിയകള്‍ സ്ഥലം വാങ്ങി കൂട്ടുന്നതിനെതിരേ രൂപം കൊണ്ട വികസന സമിതിക്കാരുമാണ് തമ്മിലേറ്റു മുട്ടിയത്.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇരുവിഭാഗക്കാരിലും സി.പി.എം പ്രവര്‍ത്തകരുണ്ട്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശം കൂടിയാണിത്. ഇതിനിടെ ഒരു മത്സ്യബന്ധന തോണി തല്ലിതകര്‍ത്തതായും മറ്റൊരു തോണി കാണാതായതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."