ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യ ഇന്ന് കൊറിയക്കെതിരേ
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ ഇന്ന് ഉത്തര കൊറിയയെ നേരിടും. ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇനിയുള്ള മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഫൈനലിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. എന്നാല്‍ ആദ്യ മത്സരത്തില്‍ സിറിയയോട് 5-2 എന്ന സ്കോറിന് പരാജയപ്പെട്ട കൊറിയക്കും ഇന്ന് നിര്‍ണായകമാണ്. പരുക്ക് കാരണം പ്രണോയ് ഹാള്‍ഡറും അനസ് എടത്തൊടികയും ഇല്ലാതെയാകും ഇന്ത്യ ഇന്ന് ഇറങ്ങുക. സന്ദേശ് ജിങ്കനും ആദില്‍ ഖാനും ജെറി ലാല്റിന്സ്വാലയും ഇന്ന് ഇന്ത്യയുടെ ആദ്യ ഇലവനിലെത്തിയേക്കും. അതേസമയം, സിറിയക്കെതിരേ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊറിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെതിരേ രണ്ട് ഗോളിന്റെ ലീഡുണ്ടായിരുന്ന ഇന്ത്യ നാലു ഗോള്‍ വഴങ്ങിയായിരുന്നു തോറ്റത്. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങളുമായി കളിച്ച ഇന്ത്യ താജിക്കിസ്ഥാനെ വിറപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധം പാളിയതാണ് തോല്‍വിക്ക് കാരണമായത്. അണ്ടര്‍ 17 ലോകകപ്പിലൂടെ വന്ന താരമായ നരേന്ദര്‍ ഗെലോട്ട്,
ആദില്‍ ഖാന് എന്നിവരായിരുന്നു ഇന്ത്യന്‍ പ്രതിരോധം കാത്തത്. ഇവര്‍ രണ്ട് പേരും താജിക്കിസ്ഥാന്‍ മുന്നേറ്റനിരയെ തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. താരങ്ങളുടെ പരിചയക്കുറവാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പരാജയത്തെകുറിച്ച് ആശങ്കപ്പെടേണ്ടെന്നും മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു സ്റ്റിമാച്ചിന്റെ പ്രതികരണം. അനസും ജിങ്കനും ഫിറ്റ്നസ് തെളിയിക്കാത്തത് കാരണമായിരുന്നു ആദ്യ മത്സരത്തില്‍ ഇറക്കാതിരുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത ജിങ്കന് ഇന്നത്തെ മത്സരത്തിലെ ലൈനപ്പില്‍ ഇടം നേടിയിട്ടുണ്ട്.
സാധ്യതാ ടീം:ഗുര്‍പ്രീത് സിഡ് സന്ധു, രാഹുല്‍ ഭേകെ, സന്ദേശ് ജിങ്കന്, ആദില്‍ ഖാന്, ജെറി, അമര്‍ജിത് സിങ് കിയാം, അനിരുദ്ധ്ഥാപ്പ, ഉദ്ധാന്ത സിങ്, സഹല്‍ അബ്ദുല്‍ സമദ്, ലാലിന്‍സുല്ല ചങ്തെ, സുനില്‍ ഛേത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."