'രാജ്യത്തിന് വേണ്ടി പോരാടി മരിക്കുന്നവരാണ് കര്‍ഷകര്‍, അവരെ ദേശദ്രോഹികളെന്ന് വിളിക്കരുത്'- കേന്ദ്രമന്ത്രിക്കെതിരെ സിഖ് ഗുരുദ്വാര കമ്മിറ്റി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകരെ രാജ്യദ്രോഹികളെന്നധിക്ഷേപിച്ച കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്വെക്കെതിരെരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി. രാജ്യത്തിന് വേണ്ടി പോരാടി മരിക്കുന്ന കര്‍ഷകരെ ദേശദ്രോഹികളെന്നു വിളിക്കരുതെന്ന് അവര്‍ മുന്നറിയിപ്പു നല്കി.
കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കൃഷിക്കാര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും നീതി ലഭ്യമാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിനാണെന്നും ഡി.എസ്.ജി.എം.സി പ്രസിഡന്റ് എസ്. മഞ്ജിന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.
' കര്‍ഷകര്‍ രാജ്യത്തിനുവേണ്ടി പോരാടുകയും മരിക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നു, അവരുടെ മക്കളും രാജ്യത്തിനായി സ്വയം രക്തസാക്ഷികളാകുകയും ചെയ്യുന്നു. അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കരുത്,' അദ്ദേഹം പറഞ്ഞു.
നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം നല്കിയ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കര്‍ഷകരെ അപമാനിച്ച് രംഗത്തെത്തിയത്.
സമാനമായ വാദവുമായി ഹരിയാന കാര്‍ഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാലിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."