ട്രോളുകാരുടെ ഇന്നത്തെ ഇര എസ്.എഫ്.ഐ: പ്രസ്താവനാ തൊഴിലാളികളുടെ മൗനത്തിനെതിരേ വാളെടുത്ത് സൈബര്‍ പോരാളികള്‍
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സംഘര്‍ഷത്തെ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ മുതല്‍ നിയമസഭാ സ്പീക്കര്‍ വരേ തള്ളിപ്പറയുകയും തിരുത്തുകയും ചെയ്തപ്പോള്‍ ഡി.വൈ.എഫ്.ഐയുടെ നേതാക്കളും പ്രസ്താവനാ തൊഴിലാളികളും മൗനം പാലിക്കുന്നത് സൈബര്‍ പോരാളികള്‍ക്ക് സഹിക്കുന്നില്ല.
അതുകൊണ്ടുതന്നെ അവരെ കണക്കറ്റ് ട്രോളുകയാണ് സൈബറിടങ്ങളിലെല്ലാം. നിയമസഭാ സ്പീക്കര്‍ തന്നെ സംഭവത്തെ തള്ളിപ്പറഞ്ഞ് ഫേസ്ബുക്കിലിട്ട പോസ്റ്റിനു കീഴിലും ഈ ട്രോളുകള്‍ ഒട്ടിച്ച് നിര്‍വൃതി അടയുന്നവരും കുറവല്ല.
പാലക്കാട്ടെ മുന്‍ എം.പിയും ഡി.വൈ.എഫ്.ഐ നേതാവുമായ എം.ബി രാജേഷ്, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്, യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, മുന്‍ സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ തുടങ്ങിയവരുടെ വായയില്‍ പഴം വിഴുങ്ങിയ ഫോട്ടോയിട്ടാണ് പ്ലീസ് ഒന്നു മിണ്ടുമോ എന്ന ചോദ്യവുമായി ട്രോളുകള്‍ കറങ്ങി നടക്കുന്നത്.
സ്വന്തം കൊടിയില്‍ തന്നെ ട്രോള്‍ എഴുതിവെച്ച ലോകത്തെ ആദ്യ സംഘടന എസ്.എഫ്.ഐ ആണെന്നും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന എസ്.എഫ്. ഐയുടെ മുദ്രാവാക്യത്തെയും പലരും പരിഹസിക്കുന്നു. സൈബറിടങ്ങളിലെല്ലാം വാദങ്ങളും പ്രതിവാദങ്ങളുമായി ഇന്ന് നിറയുന്നത് എസ്.എഫ്.ഐയിലെ ഈ ഇരട്ടത്താപ്പു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."