ശൗചാലയ മാലിന്യം റോഡില്‍ തള്ളി; മാലിന്യം നിറഞ്ഞ ഓടകള്‍ നഗരസഭ മണ്ണിട്ടു നികത്തി
കരുനാഗപ്പള്ളി: ദേശീയപാതയിലേക്ക് ശൗചാലയ മാലിന്യമുള്‍പ്പടെ തള്ളിയ ഓടകള്‍ നഗരസഭാ അധികൃതര്‍ മണ്ണിട്ടു നികത്തി. നേരത്തെ ഓടകളിലേക്ക് മാലിന്യങ്ങള്‍ തള്ളിയ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരേ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള ശക്തമായ നടപടികളുമായി നഗരസഭാ അധികൃതര്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ക്കു ശേഷവും നഗരത്തിലെ ഓടകളിലേക്ക് വന്‍തോതില്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് കൂടുതല്‍ ഓടകള്‍ തുറന്നുള്ള പരിശോദന നടത്തിയപ്പോഴാണ് മനുഷ്യവിസര്‍ജ്യമുള്‍പ്പടെ ഓടയിലേക്ക് തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വെള്ളം ഒഴുകി പോകുന്നതിന് തടസമായി മാലിന്യം നിറഞ്ഞു കിടന്ന ഓടയാണ് മണ്ണിട്ട് നികത്തിയത്. വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മാലിന്യം ഓടയിലേക്ക് തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
ഓടകളിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ പുറത്തുവിട്ട മാലിന്യങ്ങള്‍ ടൗണില്‍ പരന്ന് ഒഴുകി യാത്രക്കാരെയും പൊതുജനങ്ങളെയും നിരന്തരമായി ബുദ്ധിമുട്ടിലാക്കിയിരുന്നു. നിരന്തരമായി മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കിയിട്ടും ചില സ്ഥാപനങ്ങള്‍ ഇത്തരം നടപടി തുടരുന്നതായി ബോധ്യപ്പെട്ടുവെന്നും ഇത്തരം നടപടിയില്‍ നിന്ന് പിന്‍മാറാത്ത സാഹചര്യത്തില്‍ കടുത്ത നിയമ നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."