സ്റ്റേഷനില്‍ ഡോക്ടറുണ്ട്
കേരള പൊലിസിനെ ഉരുട്ടിക്കൊലകളുടെയും മൂന്നാംമുറകളുടെയും വിവാദങ്ങളുടെ കൊടുങ്കാറ്റ് പിടിച്ചുലയ്ക്കുമ്പോള്‍ ഇങ്ങ് വടക്കുനിന്നൊരു പൊലിസ് സ്റ്റേഷനില്‍ നിന്ന് നന്മയുടെ ശിശു സാന്ത്വനത്തിന്റെ നല്ല വര്‍ത്തമാനമാണ് വരുന്നത്. എന്നും പൂരത്തെറികള്‍ മുദ്രാവാക്യമായി അലറിപ്പറയുന്ന രാഷ്ട്രീയക്കാര്‍ വരെ കാക്കിക്കുള്ളിലെ കാരുണ്യത്തിനു മുന്നില്‍ ബിഗ് സല്യൂട്ട് അടിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ ചന്തേര പൊലിസ് സ്റ്റേഷനു മുന്നിലാണ് എല്ലാ ഞായറാഴ്ചയും കുരുന്നുകളുടെ കളിചിരികളും കൊഞ്ചലുകളും ഡോക്ടറുടെ പരിചരണവും പൊലിസുകാരുടെ സ്‌നേഹ സാന്ത്വനവും കൊണ്ട് മുഖരിതമാകുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാസര്‍കോട് ജില്ലയിലെ ചന്തേര ജനമൈത്രി പൊലിസ് സ്റ്റേഷനിലേക്ക് എല്ലാ ഞായറാഴ്ചകളിലും അവിടെ ഡോക്ടറുണ്ടോ എന്ന ചോദ്യവുമായി ഫോണ്‍ കോളുകളെത്തും. പരാതികള്‍ പറയാനും കുറ്റങ്ങളെ കുറിച്ച് അറിയാനും മാത്രമായിരുന്ന ഫോണ്‍ വിളികള്‍, പൊലിസ് സ്റ്റേഷനിലെ താലോലം ക്ലിനിക്കില്‍ ഡോക്ടറുണ്ടോ എന്നറിയാന്‍ കൂടിയായി മാറിയിരിക്കുന്നു.
താലോലം ക്ലിനിക്ക്
പരാതി പറയാന്‍ മാത്രമല്ല, കുട്ടികള്‍ക്ക് അസുഖം വന്നാലും ചന്തേര പൊലിസ് സ്റ്റേഷനിലെത്താം. ചികിത്സിക്കാന്‍ തയ്യാറായി ഇവിടെ ഡോക്ടര്‍ ഉണ്ടാവും. എല്ലാ ഞായറാഴ്ചകളിലുമാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സൗജന്യ സേവനമാണ് നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സൗജന്യ ചികിത്സ. നൂറോളം പേര്‍ ഓരോ ആഴ്ചയിലും ചികിത്സ തേടിയെത്തുന്നു. ഞായറാഴ്ച അവധി ദിനമായതിനാല്‍ ഡോക്ടറുടെ സേവനം ലഭിക്കാതെ ആരും വിഷമിക്കരുത് എന്ന ചിന്തയില്‍ നിന്നാണ് പൊലിസ് സ്റ്റേഷനിലെ ക്ലിനിക് യാഥാര്‍ഥ്യമായത്. ചന്തേര ജനമൈത്രി പൊലിസ് ഈ ആശയം അന്നത്തെ ജില്ലാ പൊലിസ് മേധാവി ഡോ. എ ശ്രീനിവാസയുടെ ശ്രദ്ധയില്‍ എത്തിച്ചു. പൊലിസിലെത്തുന്നതിനു മുന്‍പ് ഡോക്ടറായിരുന്ന അദ്ദേഹം അതിനു പൂര്‍ണ പിന്തുണയും സഹകരണവും നല്‍കിയതോടെ ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രവീണ്‍ കുമാറിനെ കൂടെ കൂട്ടി. ചൈല്‍ഡ് ഫ്രണ്ട്‌ലി ക്ലിനിക്കാണെങ്കിലും മുതിര്‍ന്നവര്‍ ചികിത്സയ്‌ക്കെത്തിയാല്‍ മടക്കിവിടാറില്ല.
ചികിത്സാമുറി
എസ്.ഐയുടെ അടുത്ത്
എസ്.ഐയുടെ മുറിയുടെ സമീപത്തുതന്നെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കി. ഇതിനു പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവുമുണ്ടായി. സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ മനസിലാക്കി ലഭ്യമായ സൗകര്യങ്ങളും അഭിമുഖീകരിക്കേണ്ടതായ പ്രശ്‌നങ്ങളും വിലയിരുത്തി നിയമം അനുശാസിക്കുന്ന രീതിയില്‍ പൊതുജനങ്ങളുമായി സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി സുരക്ഷാ പദ്ധതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താലോലം ക്ലിനിക്കിലൂടെ ആരോഗ്യമേഖലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്നത്.
നിലവിലെ ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ സുധാകരന്‍, ചന്തേര പൊലിസ് മുന്‍ ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്്ടര്‍ കെ.പി സുരേഷ് ബാബു, എസ്.ഐ വിപിന്‍ ചന്ദ്രന്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തില്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍ പ്രദീപന്‍ പിലിക്കോടാണ് താലോലം ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പൊലിസുകാരോടൊപ്പം സ്റ്റേഷന്‍ പരിസരവാസികളായ ജസീര്‍ ചന്തേര, ഹാഷിം ചന്തേര തുടങ്ങിയവരും ചേര്‍ന്നപ്പോള്‍ വലിയ വിജയമായി. ചികിത്സ തേടിയെത്തുന്നവര്‍ക്ക് അത്യാവശ്യ മരുന്നുകൂടി നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലിസ്.
അമ്മക്കൂട്
താലോലം ക്ലിനിക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ചന്തേര ജനമൈത്രി പൊലിസിന്റെ സാമൂഹ്യപ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പടി മുന്നിലാണ്. സ്റ്റേഷന്‍ പരിധിയിലെ പടുവളത്ത് ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി ഓല ഷെഡില്‍ താമസിക്കുന്ന നാരായണി അമ്മ, പാറു അമ്മ എന്നിവര്‍ക്ക് അടച്ചുറപ്പുളള വീടുണ്ടാക്കി നല്‍കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സന്നദ്ധ സംഘടനകളായ ചന്തേര നുബാക്ക് എഫ്.സി, കേരളാ അയേണ്‍ ഫാബ്രിക്കല്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് അമ്മക്കൂട് നിര്‍മിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."