സി.എച്ചിലൂടെ വായിച്ചുവളർന്ന ബർമാക്കാരാന്‍; തൃക്കോട്ടൂരെ ഖാദറിന്‍റെ ജീവിതം
തീക്ഷ്ണാനുഭവങ്ങളുടെ ചൂളയില്‍ വേവിച്ചെടുത്ത ജീവിതമെന്ന് പലരും അലങ്കാരമായി പറയാറുണ്ടെങ്കിലും ജീവിതാനുഭവങ്ങളുടെ അലകടലുകള്‍ കടന്നുകയറിയ എഴുത്തുകാരനാണ് യു.എ ഖാദര്‍. മ്യാന്മറിലെ ബില്ലീന്‍ ഗ്രാമത്തില്‍ കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബര്‍മാക്കാരിയായ മാമെദിയുടെയും മകനായി 1935ലാണ് ഖാദര്‍ ജനിച്ചത്. അവിടെ കച്ചവടക്കാരനായിരുന്നു മൊയ്തീന്‍ ഹാജി. രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊണ്ടതോടെ നാട്ടിലേക്ക് പോരേണ്ടിവന്നു അദ്ദേഹത്തിന്. അറാക്കാന്‍ മലനിരകള്‍ താണ്ടി ചിറ്റഗോങ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ടവരില്‍ കുഞ്ഞു ഖാദറും മൊയ്തീന്‍ ഹാജിയുമുണ്ടായിരുന്നു.
ഉമ്മയുടെ താരാട്ടറിയാതെ
പിറന്ന നാടും വീടും ഭാഷയും കുടുംബ ബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച് അപരിചിതമായ നാട്ടിലെത്തിയ പരദേശിക്കുട്ടിക്ക് കൊയിലാണ്ടിയിലെ ജീവിതം ഒറ്റപ്പെട്ടതായി. രൂപത്തിലും ഭാവത്തിലും വ്യത്യസ്തനായ ബര്‍മാക്കാരന്‍ കുട്ടിയെ കളിക്കാന്‍പോലും ആരും കൂട്ടില്ലായിരുന്നു. ഉമ്മയുടെ സ്‌നേഹവും പരിലാളനയും ലഭിക്കാനുള്ള ഭാഗ്യവും അവനുണ്ടായിരുന്നില്ല. പ്രസവിച്ച് മൂന്നാം നാള്‍ മാതാവ് മരിച്ചിരുന്നു. ഉമ്മയുടെ അനുജത്തിയാണ് ഖാദറിനെ വളര്‍ത്തിയത്. രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ ബര്‍മയ്ക്കു മേല്‍ ആക്രമണം രൂക്ഷമാക്കിയപ്പോഴാണ് ഏഴു വയസുകാരനെയും കൂട്ടി പിതാവ് പലായനം ചെയ്തത്. കൊയിലാണ്ടിയില്‍ ഉപ്പയുടെ ഉമ്മയായിരുന്നു ഖാദറിന്റെ കൂട്ട്. പക്ഷേ ആ സ്‌നേഹച്ചൂട് അധികമേറ്റുവാങ്ങാന്‍ ആ ബാലനായില്ല. ഉമ്മൂമ്മയുടെ മരണ ശേഷം ഉപ്പയുടെ രണ്ടാം ഭാര്യ ഇളയമ്മയ്‌ക്കൊപ്പമായി താമസം. ഒറ്റപ്പെടലിന്റെ വേദനയെ ശമിപ്പിക്കാന്‍ ഖാദര്‍ കണ്ടെത്തിയ വഴിയായിരുന്നു വായന.
[caption id="attachment_913068" align="aligncenter" width="457"] യു.എ ഖാദര്‍ സുപ്രഭാതം വാര്‍ഷികപ്പതിപ്പ് പ്രകാശനത്തിനായി കോഴിക്കോട്ട് ഓഫീസിലെത്തിയപ്പോള്‍. മാനേജിംങ് എഡിറ്റര്‍ നവാസ് പൂനൂര്‍ സമീപം.[/caption]
സി.എച്ചിലൂടെ വായിച്ചുവളര്‍ന്നു
വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് ആ ബാലനെ എത്തിച്ചതില്‍ ഒരു പ്രധാന പങ്ക് കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരനായി വിരാജിച്ച സി.എച്ച് മുഹമ്മദ് കോയയ്ക്കായിരുന്നു. ഖാദറിന്റെ തറവാട്ടു വീടിനപ്പുറത്തായിരുന്നു അന്ന് സി.എച്ച് താമസിച്ചിരുന്നത്. പരന്ന വായനാശീലമുള്ള അദ്ദേഹം ഖാദറിന് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയായിരുന്നു ആദ്യം നല്‍കിയത്. ബഷീറിന്റെ കൃതികള്‍ക്കു പുറമേ തകഴിയെയും ഉറൂബിനെയും പൊറ്റെക്കാട്ടിനെയും കേശവദേവിനെയുമെല്ലാം വായിക്കാന്‍ ഇത് പ്രചോദനമായി. മലയാളികളായ സാഹിത്യകാരന്‍മാര്‍ക്കു പുറമേ വിദേശികളുടെ പ്രമുഖങ്ങളായ കൃതികള്‍ വായിക്കാനും സി.എച്ച് ഉപദേശിച്ചു. ആന്റന്‍ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയും കഥകള്‍ വായിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. യു.എ ഖാദറിന്റെ ആദ്യകഥ 'വിവാഹ സമ്മാനം' ചന്ദ്രികയുടെ ബാലപംക്തിയില്‍ അച്ചടിച്ചുന്നതും സി.എച്ചിലൂടെ.
കൊയിലാണ്ടി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് ഫൈനല്‍ പരീക്ഷ പൂര്‍ത്തിയാക്കി. മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സിലേക്ക് ചിത്രകല പഠിക്കാനായി ഖാദര്‍ പോയി. മദിരാശിവാസക്കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു പ്രോത്സാഹനമായി. എം.ടി കവിതയില്‍ തുടങ്ങി സാഹിത്യലോകത്തെത്തി. കവിതയൂറുന്ന കഥകള്‍ പറഞ്ഞ് മലയാളിയെ അദ്ദേഹം വിസ്മയിപ്പിച്ചു. വരക്കാന്‍ പഠിച്ച യു.എ ഖാദര്‍ തന്റെ കഥാപാത്രങ്ങളുടെ വാങ്മയ ചിത്രങ്ങള്‍ മലയാളിയുടെ മനസുകളില്‍ കോറിയിട്ടു. മദിരാശി കോളജില്‍ നിന്ന് രണ്ടു വര്‍ഷത്തിനുശേഷം പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങി. 1953 മുതല്‍ അദ്ദേഹം ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. 1956ല്‍ നിലമ്പൂരിലെ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990ലാണ് സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് യു.എ ഖാദര്‍ വിരമിച്ചത്.
തൃക്കോട്ടൂരെ ഖാദര്‍
എം.ടിയുടെ കൂടല്ലൂര്‍ പോലെ യു.എ ഖാദറിന്റെ സാഹിത്യ രചനകളില്‍ തൃക്കോട്ടൂര്‍ നിറഞ്ഞുനില്‍ക്കുന്നു. പഴയ തിക്കോടി പ്രദേശമാണ് തൃക്കോട്ടൂര്‍. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള ഭൂമിക. നാലു ഭാഗങ്ങളിലായി 11 ചെറുനോവലുകളുടെ സമാഹാരമാണ് തൃക്കോട്ടൂര്‍ പെരുമ. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി നാല്‍പതിലേറെ കൃതികളുടെ കര്‍ത്താവാണ് ഖാദര്‍.
കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു. അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ യു.എ ഖാദറിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍.
പുരസ്‌കാരങ്ങള്‍ക്ക് അപ്പുറത്താണ് യു.എ ഖാദര്‍ എന്ന എഴുത്തുകാരന്റെ നിലപാടുകള്‍. സത്യമെന്ന് തനിക്ക് ബോധ്യപ്പെട്ടതില്‍ ഉറച്ചുനില്‍ക്കുകയും എഴുത്തില്‍ തനതായ ശൈലി രൂപപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തെ ഏതു സാധാരണക്കാരനും പ്രാപ്യനാക്കിയത് ലളിതസുന്ദരമായ ആഖ്യാന ശൈലിതന്നെയായിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ കഥയെഴുത്തിലും മാറ്റമുണ്ടായി. ആധുനികരെന്ന പേരില്‍ രംഗപ്രവേശനം ചെയ്തവര്‍ കഥയെഴുത്തിന്റെ പുതിയമാനങ്ങളിലേക്ക് തിരിഞ്ഞപ്പോഴും യു.എ ഖാദര്‍ തന്റെ വഴികള്‍ മാറിയില്ല. ആധുനികര്‍ നഗരജീവിതത്തിന്റെ കഥകള്‍ പറഞ്ഞപ്പോഴും തനിഗ്രാമീണനായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. വടക്കേ മലബാറിലെ സാമൂഹിക ജീവിതാന്തരീക്ഷം അതിമനോഹരമായി പറഞ്ഞുതരാന്‍ ഖാദറിനെപ്പോലെ മറ്റാര്‍ക്കും സാധ്യമല്ല. ഖുറൈശിക്കൂട്ടം എന്ന നോവലില്‍ രണ്ടു കുടുംബങ്ങളുടെ പരസ്പരബന്ധങ്ങളിലുളവാകുന്ന സ്‌നേഹവിദ്വേഷങ്ങളുടെ ചിത്രീകരണമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്. തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലെറ്റുകളുടെ സമാഹാരമാണ് തൃക്കോട്ടൂര്‍പ്പെരുമ. ഒരു ഇസ്‌ലാം മത വിശ്വാസിയായിട്ടും ഹൈന്ദവ മിത്തുകളെ അതിമനോഹരമായി വരച്ചുകാണിക്കാന്‍ അദ്ദേഹത്തിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."