കാട്ടാനകളുടെ വിളയാട്ടം; ചിറ്റാരി മലയിലും വ്യാപക കൃഷിനാശം
വാണിമേല്‍: കാട്ടാനയുടെ അക്രമങ്ങള്‍ തടയാന്‍ വനം വകുപ്പ് തീരുമാനമെടുത്തതിന് പിന്നാലെ ചിറ്റാരി മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. നിരവധി പേരുടെ കൃഷി നശിപ്പിച്ചു.
ആറോളം ആനകളാണ് ചിറ്റാരിചന്ദനത്താം കുണ്ടിലെ കൃഷിഭൂമിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.ആനക്കൂട്ടത്തെ ഭയന്ന് കൃഷിഭൂമിയിലേക്ക് പോകാന്‍ കര്‍ഷകര്‍ക്ക് കഴിയാത്തതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സാധിച്ചിട്ടില്ല.
ചിറ്റാരിയിലെ ആഞ്ഞിലിമൂട്ടില്‍ അമ്മിണിയുടെ സ്ഥലത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. കണ്ണൂര്‍ തുവ്വക്കുന്നിലെ ഉസ്മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ റബര്‍, തെങ്ങ്, കവുങ്ങ് എന്നിവയും ,വാണിമേല്‍ സ്വദേശികളായ നാളോഞ്ചാലില്‍ അബ്ദുല്ല ഹാജി, മൊയ്തു ഹാജി തുടങ്ങിയവരുടെ പറമ്പുകളിലും ആനക്കൂട്ടം നാശം വിതച്ചു.
കാടിറങ്ങി ജനവാസ കേന്ദ്രത്തിനടുത്ത് നിലയുറപ്പിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആനക്കൂട്ടം തിരിച്ച് പോയാല്‍ മാത്രമെ നാശനഷ്ടങ്കളുടെ ആഴം മനസിലാവുകയുള്ളൂ.
വിലങ്ങാട് മലയോരത്ത് കാട്ടാന ശല്യം തടയാന്‍ പന്നിയേരിയില്‍ ഫെന്‍സിങ് നടത്താനും രാത്രി കാലപട്രോളിങ് ശക്തമാക്കാനും ഡി.എഫ്.ഒ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അതിന് പിന്നാലെയാണ് ആനക്കൂട്ടം ചിറ്റാരി ചന്ദനത്താം കുണ്ടില്‍ കൃഷി നശിപ്പിച്ചത്.
കാട്ടാനക്കൂട്ടങ്ങള്‍ക്ക് പുറമെ കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയും ഈ മേഖലയില്‍ വ്യാപകമായതായി കര്‍ഷകര്‍ പറഞ്ഞു. കരിങ്കല്‍ ഖനനം നടത്താനായി ഉന്നതരടങ്ങുന്ന സംഘം വാങ്ങിക്കൂട്ടിയ നൂറോളം ഏക്കര്‍ സ്ഥലം വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുകയാണ്. ഇവിടങ്ങളിലാണ് വന്യമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."