ഈത്തപ്പഴമേളയില്‍ താരം അജ്‌വ തന്നെ
കോഴിക്കോട്: വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അപൂര്‍വയിനം ഈത്തപ്പഴങ്ങളുമായി കോഴിക്കോടന്‍സ് ബേക്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഈത്തപ്പഴമേള ശ്രദ്ധേയമാകുന്നു. അജ്‌വ തന്നെയാണ് ഇത്തവണയും മേളയിലെ പ്രധാന താരം. ഈത്തപ്പഴങ്ങളിലെ വിശുദ്ധനായി അറിയപ്പെടുന്ന അജ്‌വയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. അജ്‌വയില്‍ കുങ്കുമപ്പൂവും തേനും അടങ്ങിയതിനാല്‍ വിലയിലും കേമനാണ്. കിലോക്ക് 6000 രൂപ വില വരും. സഊദിയില്‍ നിന്നാണ് അജ്‌വ എത്തുന്നത്. ഈത്തപ്പഴരാജാവ് ജോര്‍ദാനിലെ മെഡ്‌ജോളിന് അജ്‌വയ്ക്കു പിന്നിലാണ് സ്ഥാനം. അംബര്‍, കുദ്രി, മബ്‌റൂം, ശുക്കറി, മറിയം, ബിദിയ, സഗായ്, ജുമാറ ഇവയും സഊദി ഈത്തപ്പഴങ്ങളിലെ പ്രധാനികളാണ്.
കുരു ഇല്ലാത്ത ബദാന, സയാര്‍, യസ്‌ന, തമ്‌റ്, ബറാറി, ഫര്‍ദ് തുടങ്ങിയ മറ്റു രാജ്യങ്ങളിലെ ഇനങ്ങളും മേളയിലുണ്ട്. മാര്‍ക്കറ്റില്‍ സ്ഥിരമായി ലഭിക്കുന്ന ഇറാന്‍, ഇറാഖ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വ്യത്യസ്തമായ ഇത്തപ്പഴപ്പങ്ങളും മേളക്ക് പകിട്ടേകുന്നു. മേളയിലെത്തുവരുടെ മനംകവരാന്‍ ഈത്തപ്പഴം കൊണ്ട് നിര്‍മിച്ച അച്ചാര്‍, കേക്ക്, പായസം, ഹല്‍വ, ബിസ്‌കറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു. ഒരുപാട് ഔഷധഗുണമുള്ള ഫലമാണ് ഈത്തപ്പഴമെന്നും ശരീരത്തിനാവശ്യമായ എല്ലാ പോഷകഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേള ജൂണ്‍ രണ്ടു വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."