ഉദുമ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിനു തന്നെ
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ കുത്തനെ ഇടിവ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളിലും പോളിങ് ശതമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. അതേസമയം, ഇടതു കേന്ദ്രങ്ങളില്‍ കനത്ത പോളിങുമുണ്ടായി. ഇക്കാരണത്താല്‍ ഉദുമയില്‍ അട്ടിമറി നടന്നേക്കുമോയെന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ടായിരുന്നു.
എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും ഉദുമയില്‍ വിജയിച്ചതോടെ യു.ഡി.എഫ് ക്യാംപുകള്‍ ആശ്വാസത്തിലായി. ഉദുമയില്‍ ഇടതു മുന്നണി വിജയിച്ചാല്‍ ബലാബലത്തില്‍ തുല്ല്യതയുള്ള ജില്ലാ പഞ്ചായത്ത് ഭരണം കൈവിട്ടുപോവുമെന്ന ഭീതിയാണ് യു.ഡി.എഫ് കേന്ദ്രങ്ങളെ അലട്ടിയിരുന്നത്. വിജയിക്കാനായെങ്കിലും പോളിങ് ശതമാനം കുറഞ്ഞതും യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ ഉദുമ ഡിവിഷനില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും വരും ദിവസങ്ങളില്‍ യു.ഡി.എഫില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കും.
യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷാനവാസ് പാദൂര്‍ 1886 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണു സീറ്റു നിലനിര്‍ത്തിയത്. 14986 വോട്ട് ഷാനവാസിനു ലഭിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ മൊയ്തീന്‍കുഞ്ഞി കളനാട് 13100 വോട്ട് നേടി. ബി.ജെ.പിയിലെ എന്‍ ബാബുരാജിന് 4107 വോട്ട് ലഭിച്ചു.
72 പോളിങ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാരില്‍ 32193 പേരാണ് (61.61 ശതമാനം)വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിനടുത്തു പോളിങുണ്ടായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു 6437 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 6131 വോട്ടു നേടിയിരുന്ന ബി.ജെ.പിക്ക് ഇപ്രാവശ്യം 4107 വോട്ടുമാത്രമേ നേടാനായുള്ളൂ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തോല്‍വി സംബന്ധിച്ചു വലിയ ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തു നടക്കുമ്പോഴാണ് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത്.
ഉദുമ ഡിവിഷനില്‍ നിന്നു വിജയിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. സ്ഥാനാര്‍ഥിയായി അദ്ദേഹത്തിന്റെ മകന്‍ പി.കെ.എം ഷാനവാസിനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു.
ഉദുമയില്‍ ഒഴിവു വന്നതോടെ ഏഴു വീതം സീറ്റുകളുമായി ഇടതു-വലതു മുന്നണികള്‍ ജില്ലാ പഞ്ചായത്തില്‍ അംഗബലത്തില്‍ തുല്ല്യതയിലായിരുന്നു. രണ്ടു സീറ്റ് ബി.ജെ.പിക്കുമാണ്. ഉദുമയില്‍ വിജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് ഇടതുമുന്നണിക്കു ലഭിക്കുമായിരുന്നു. ചെറിയ ഭൂരിപക്ഷത്തിനായാലും ഉദുമ ഡിവിഷന്‍ നിലനിര്‍ത്താനായത് യു.ഡി.എഫ് ക്യാംപിന് ആശ്വാസമായി.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെണ്ണലിനു വരണാധികാരിയായ കലക്ടര്‍ ഇ ദേവദാസന്‍ നേതൃത്വം നല്‍കി. എഡി.എം കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എ ദേവയാനി എന്നിവരും സ്ഥാനാര്‍ഥികളും ഏജന്റുമാരും സംബന്ധിച്ചു.
രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിച്ചു. 9.45 ഓടെ പൂര്‍ത്തിയായി. അഞ്ചു ടേബിളുകളിലായി 15 റൗണ്ടാണ് വോട്ടെണ്ണിയത്.
ഉദുമ ഗ്രാമപഞ്ചായത്തും ചെമ്മനാട്, പള്ളിക്കര ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."